കാൻസർ രോഗിയായ സ്ത്രീയെ വീട്ടിൽ കെട്ടിയിട്ട് ചികിത്സയ്ക്കുള്ള പണം കവർന്നു. ഇടുക്കി അടിമാലി വിവേകാനന്ദ നഗർ സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട് പണം കവർന്നത്. വീടിനെ പറ്റി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സൂചന.
കാൻസർ ബാധിതയായ ഉഷ ഏറെ നാളായി ചികിത്സയിലാണ്. കീമോതെറാപ്പിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തി വിശ്രമിക്കാതെ ഇന്ന് പുലർച്ചെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കവർച്ച നടന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് മോഷ്ടാവ് അകത്തുകയറി. ഉഷയെ കട്ടിലുമായി ബന്ധിപ്പിക്കുകയും വായിൽ തുണി തിരുകിയ ശേഷം പേഴ്സിൽ ഉണ്ടായിരുന്ന16500 കവരുകയും ചെയ്തു. അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് ഉഷയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
അടിമാലി പൊലീസ് വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉഷയുടെ ചികിത്സയ്ക്ക് നാട്ടുകാരാണ് പണം പിരിച്ചു നൽകിയത്. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഉഷയുടെ ഭർത്താവും മകളും വീട്ടിൽ നിന്ന് പോയതിന് ശേഷം നടന്ന മോഷണം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം