TOPICS COVERED

പാലക്കാട്ട് ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ഹോട്ടലുകളിൽ നിന്നും ബിരിയാണി വാങ്ങി തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിൽ. കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമിനെയാണ് ഷൊർണൂർ പൊലീസ് പിടികൂടിയത്. ചാരിറ്റിക്കെന്ന് പറഞ്ഞു ഹോട്ടലുകളിൽ നിന്ന് കൂടിയ അളവിൽ ബിരിയാണി വാങ്ങും. എന്നിട്ട് വലിയ വിലക്ക് വിൽക്കും. അങ്ങനെയായിരുന്നു ഷഹീർകരീമിന്റെ തട്ടിപ്പു രീതി. 

കഴിഞ്ഞ ദിവസമാണ് പ്രതി ഷൊർണൂരിലെ ഒരു നിന്നും ചാരിറ്റി പ്രവർത്തകൾക്ക് എന്ന പേരിൽ 350 പൊതി ബിരിയാണി വാങ്ങിച്ചത്. തുടർന്ന് ഇതിന്‍റെ 44,000 രൂപ അടുത്ത ദിവസം നൽകാം എന്ന് സ്ഥാപന ഉടമയോട് പറഞ്ഞ് കടന്നുകളഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായപ്പോൾ കടയുടമ ഷൊർണൂർ പൊലീസ് പരാതി നൽകിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പല സ്ഥലങ്ങളിലും സമാന തട്ടിപ്പ് നടത്തിയിരുന്നെന്ന് ബോധ്യമായി. ഇയാൾ ചാലിശേരിയിലെ ഒരു ഹോട്ടലുടമയിൽ നിന്ന് 36,000 രൂപയുടെ ബിരിയാണി വാങ്ങി കടന്നു കളഞ്ഞതായും തുടർന്ന് നാട്ടുകാർ പിടി കൂടി ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നത്രെ. പാലക്കാട്, മണ്ണാർക്കാട് ഭാഗങ്ങളിലെ ഹോട്ടലുകളിലും ഇയാൾ ബിരിയാണി തട്ടിയിട്ടുണ്ട്.

അസുഖമായി കിടക്കുന്നവർക്ക് ചികിത്സ സഹായം, നിർധനരായവർക്ക് വീട് വച്ച് നൽകൽ.. ഇങ്ങനെയൊക്കെയാണ് ബിരിയാണിക്ക് വേണ്ടി പ്രതി പറഞ്ഞു നടന്നത്. 140 രൂപയ്ക്ക് കടയിൽ നിന്നും വാങ്ങുന്ന ബിരിയാണി ഇയാൾ 250 രൂപയ്ക്ക് മറിച്ചു നൽകും. ഇങ്ങനെ തട്ടിപ്പു നടത്തി പതിനായിരങ്ങൾ നേടി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ENGLISH SUMMARY:

Palakkad native Shaheer Kareem arrested for biryani scam; bought food in bulk from hotels claiming charity, then resold at high prices. Detained by Shoranur Police.