തൃശൂര്‍ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകം. കൊല്ലപ്പെട്ടത് പടിയൂര്‍ സ്വദേശി മണി (74), മകള്‍ രേഖ(43) എന്നിവരെയാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. രേഖയുടെ ഭര്‍ത്താവ് പ്രേംകുമാറിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീടിനകത്തേയ്ക്കു നോക്കിയപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേങ്ങള്‍ക്കരികില്‍ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളുണ്ട്. വീടിന്‍റെ വാതിലുകളെല്ലാം അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പുറകിലെ വാതില്‍ തള്ളിതുറന്നാണ് പൊലീസ് അകത്തു കയറിയത്.
48 മണിക്കൂര്‍ മുമ്പാകാം മരിച്ചതെന്ന് സംശയിക്കുന്നു. ഭര്‍ത്താവിന് എതിരെ രേഖ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇരുവരേയും കൗണ്‍സിലിങ്ങിന് വിളിപ്പിച്ചിരുന്നു. രേഖയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമെ, മരണകാരണം വ്യക്തമാകൂ. വിഷം ഉള്ളില്‍ചെന്നിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കാട്ടൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.