ക്രൂരമായ ബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ബിഹാറില്‍ ചികില്‍സ ലഭിക്കാതെ മരിച്ചു. മുസാഫര്‍നഗറില്‍ നിന്നുമുള്ള പത്തുവയസുകാരി രണ്ട് മണിക്കൂറിലധികം ആരും നോക്കാനില്ലാതെ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കിടന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച രോഹിത് സാഹ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീടിനുസമീപം മീന്‍ വില്‍ക്കുന്നയാളാണ് രോഹിത്.
മെയ് 26നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ചോക്ലേറ്റ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടി ആളൊഴിഞ്ഞ പാടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാല്‍സംഗത്തിനിരായ പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും വയറ്റിലും പല തവണ കുത്തേറ്റിരുന്നു. കഴുത്തറുത്ത് പെണ്‍കുട്ടിയെ കൊല്ലാനും ഇയാള്‍ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ അമ്മയാണ് കണ്ടെത്തിയത്.
ഉടന്‍ കുട്ടിയെ എസ്കെഎംസിഎച്ചിലേക്ക് എത്തിച്ച് ഉടന്‍ ചികില്‍സ ആരംഭിച്ചു. എന്നാല്‍ അവസ്ഥ വഷളായതോടെ ശനിയാഴ്ച പാറ്റ്നയിലെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. എന്നാല്‍ ആശുത്രിയിലെത്തിയതിനുശേഷം അഡ്മിറ്റ് ചെയ്യാനായില്ല. ഞായറാഴ്ച രാവിലെ കുട്ടിയുടെ മൂക്കില്‍നിന്നും വായില്‍നിന്നും രക്തം വന്നുവെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നം ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ കുട്ടിയെ ആംബുലന്‍സലെത്തി പരിശോധിച്ചിരുന്നുവെന്നും ഐസിയുവില്‍ അഡ്മിറ്റ് ചെയ്തെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരണപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രഞ്ജിത് രഞ്ജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമയത്ത് ചികിത്സ ലഭ്യമായിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.