തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. പത്തനംതിട്ട കോയിപ്രം സ്വദേശി ഹരിലാലിനെയാണ് തമ്പാനൂര്‍ പൊലീസ് പിടികൂടിയത്. കൊച്ചി മെട്രോ റെയില്‍വേ സ്റ്റേഷനിലും ഇയാള്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വന്നത്. ആയിരക്കണക്കിന് യാത്രക്കാര്‍ വന്ന് പോകുന്ന തമ്പാനൂര്‍ ബസ് സ്റ്റാന്‍റില്‍ ബോംബ് വെച്ചെന്നും ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊട്ടിത്തകരുമെന്നുമായിരുന്നു ഭീഷണി.പൊലീസും ബോംബ് സ്ക്വാഡും ഓടിയെത്തി പരിശോധിച്ചു. ബോംബെന്നല്ല, ഒരു ചുക്കുമില്ലെന്നും വ്യാജഭീഷണിയെന്നും സ്ഥിരീകരിച്ചു. ആ വ്യാജഭീഷണിക്കാരനാണ് പത്തനംതിട്ട കോയിപ്രം സ്വദേശി ഹരിലാല്‍.
ബോംബ് ഭീഷണി ഒരു തമാശയായിരുന്നെന്നാണ് ഹരിലാല്‍ പറയുന്നത്. പക്ഷെ അത്ര തമാശയൊന്നുമില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൊച്ചി മെട്രോയിലും വ്യാജ ബോംബ് ഭീഷണി ഹരിലാല്‍ വെച്ചിട്ടുണ്ട്. ഇതുകൂടാതെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയുമൊക്കെ കള്ളത്തരം പറഞ്ഞ് വിളിച്ച് പറ്റിക്കുന്നത് ഹരിലാലിന്‍റെ ഹോബിയാണ്. അഞ്ച് കേസുകള്‍ ഇതിനകമുണ്ട്. ഹോട്ടല്‍ ജോലിക്കാരനായാണ് പത്തനംതിട്ടയില്‍ നിന്ന് തമ്പാനൂരിലെത്തിയത്. കയ്യിലിരിപ്പുകൊണ്ടാണെന്ന് തോന്നുന്നു, ഹോട്ടലുടമ പറഞ്ഞ് വിട്ടു. ആ പോകുന്ന പോക്കിലാണ് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സിയിലും ഒരു കള്ളബോംബ് വെച്ചത്. ഇനിയെന്തായാലും കുറച്ച് ദിവസം ജയിലില്‍ കിടക്കാം.