പശുയിറച്ചി വിറ്റെന്നാരോപിച്ച് ഡല്‍ഹിയില്‍ പലചരക്കുകടക്കാരന് ക്രൂരമർദനം. ഗോരക്ഷാ പ്രവർത്തകരാണ് കടക്കാരനെ മര്‍ദിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കടയ്ക്കും കടക്കാരനും പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. പശുയിറച്ചിയാണോ വിറ്റതെന്ന് അറിയാന്‍ പൊലീസ് പരിശോധന നടത്തും.

ഡൽഹി സർവകലാശാലയുടെ നോർത്ത് ക്യാംപസിന് സമീപം വിജയനഗറിലാണ് ചമൻ കുമാറിന്‍റെ പലചരക്കുകട. 10 വർഷമായുള്ള കടയാണിത്. എന്നാല്‍ കഴിഞ്ഞദിവസം, പശു ഇറച്ചി വിറ്റെന്നാരോപിച്ച്, ഗോരക്ഷാ പ്രവർത്തകര്‍ ചമൻ കുമാറിനെ തല്ലിച്ചതച്ചു. ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികളിൽ പലർക്കും ചമൻ കുമാറിനെ നല്ല പരിചയമുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദനവിവരമറിഞ്ഞ് ആദ്യം ഓടി എത്തിയത്. ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കും കടക്കാരനും ഇടയില്‍ ഇവര്‍ പ്രതിരോധം തീര്‍ത്തു.

കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി എന്ന പേരില്‍ ഒരു 15കാരനാണ് ഇറച്ചിവാങ്ങാനെത്തിയതെന്നാണ് സൂചന. ഈ 15കാരന്‍ ഗോ രക്ഷാദളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം. പോത്തിറച്ചിയാണ് വിറ്റതെന്നും പശുവിറച്ചി അല്ലെന്നും കടക്കാരന്‍ പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. കര്‍ശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.

പശു ഇറച്ചിയാണോ പോത്തിറച്ചിയാണോ വിറ്റത് എന്ന് അറിയാന്‍ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Shopkeeper Assaulted in Delhi Over Alleged Beef Sale; SFI Leads Protest