കൊല്ലം ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. തമിഴ്‌നാട്ടില്‍ നിന്ന് കടത്തികൊണ്ടുവന്ന പതിമൂന്നര കിലോ കഞ്ചാവ് പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. ആര്യങ്കാവ് അതിര്‍ത്തിയിലൂടെ കഞ്ചാവ് കടത്തുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡും ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തി. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാര്‍ തടഞ്ഞു നിര്‍ത്തി. യാത്രക്കാരായ മൂന്ന് യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. വിശദമായ പരിശോധനയില്‍ കാറിന്റെ പിറക് വശത്തെ ബംപറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി.
കൊല്ലം സ്വദേശികളായ ബെല്ലാരി സുനി എന്ന് വിളിക്കുന്ന സുനില്‍, പട്ടര്‍ പ്രശാന്ത് എന്ന് വിളിക്കുന്ന പ്രശാന്ത്, രാജേഷ് എന്നിവരാണ് പിടിയിലായത്. മൂവരും പലതവണ കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.