പരുക്കേറ്റ് റോഡരികില്‍ കിടന്ന പൂച്ചകുട്ടിയുമായി ബസില്‍ കയറിയ യാത്രക്കാരനെ അടിച്ചിറക്കി കണ്ടക്ടര്‍. ബെംഗളുരു നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബി.എം.ടി.സി ബസിലെ കണ്ടക്ടറാണ് മിണ്ടാപ്രാണിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചയാളെ ക്രൂരമായി മര്‍ദ്ദിച്ചു വഴിയില്‍ ഇറക്കിവിട്ടത്.
ഡിമാര്‍ട്ട് ജീവനക്കാരനായ മഞ്ജുനാഥ 9 മണിയോടെ ജോലികഴിഞ്ഞിറങ്ങുമ്പോഴാണ് ആരോ ഉപേക്ഷിച്ച പൂച്ചക്കുട്ടിയെ സ്ഥാപനത്തിനു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കാണുന്നത്. ദയ തോന്നിയ ഇയാള്‍ പൂച്ചക്കുട്ടിയെ എടുത്തു പരിശോധിച്ചു. പരുക്കേറ്റ പൂച്ചക്കുട്ടിയ തുടര്‍ പരിചരണത്തിനായി കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി വീട്ടിലേക്കെടുത്തു.
സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും പീനിയ സെക്കന്‍ഡ് സ്റ്റേജിലേക്കുള്ള ബസില്‍ യാത്രക്കിടെ പൂച്ചക്കുഞ്ഞ് കരഞ്ഞു.ഇതോടെ കണ്ടക്ടര്‍ ഇടഞ്ഞു. മൃഗങ്ങളെ ബസില്‍ കയറ്റാനാവില്ലെന്നായി കണ്ടക്ടര്‍.രാത്രി പത്തുമണിയായതിനാല്‍ പാതിവഴിയില്‍ ഇറങ്ങാനാവില്ലെന്നു മഞ്ചുനാഥും നിലപാടെടുത്തു. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ മഞ്ജുനാഥയെയും പൂച്ചയെയും കണ്ടക്ടര്‍ സിഗ്നല്‍ പോയിന്‍റില്‍ ഇറക്കിവിടുകയും ചെയ്തു. സഹയാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും കണ്ടക്ടര്‍ ചെവികൊണ്ടില്ല. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും മഞ്ജുനാഥ പരാതി നല്‍കാത്തിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.