കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയില്‍ കൊല്ലം സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹാർബറിലെ വലപ്പണിക്കാരനായ ഇരവിപുരം സ്വദേശി സോളമനാണ് മരിച്ചത്. സോളമനൊപ്പം റൂമിലുണ്ടായിരുന്ന നാലു പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹാർബറിന് സമീപമുള്ള ത്രീസ്റ്റാർ എന്ന ലോഡിജിലെ മൂന്നാം നിലയിലാണ് അമ്പത്തെട്ടു വയസുകാരന്‍ സോളമനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. രാവിലെ ലോഡ്ജ് ഉടമ മുറി വൃത്തിയാക്കാന്‍ പോയപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടത്. മുറിയിലും വാതിലിന് പുറത്തും രക്തം തളംകെട്ടി കിടന്നിരുന്നു.
മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സോളമന്‍ കന്യാകുമാരി സ്വദേശിയായ അനീഷ് എടുത്ത റൂമിലേക്ക് കഴിഞ്ഞ ദിവസം വൈകീട്ടാണ് എത്തുന്നത്. അനീഷ് രണ്ട് ദിവസം മുമ്പ് നാട്ടിലേക്ക് പോയിരുന്നു. റൂമിലുണ്ടായിരുന്ന അനീഷിന്‍റെ നാല് സുഹൃത്തുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷ്ണർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.