kadammanitta-minor-murder-life-sentence-verdict

പത്തനംതിട്ട കടമ്മനിട്ടയില്‍ പതിനേഴുവയസുകാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കാമുകന് ജീവപര്യന്തം കഠിന തടവും നാലുലക്ഷം പിഴയും.എട്ട് വര്‍ഷം മുന്‍പ് ശാരികയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.പെട്രോളൊഴിച്ച് കത്തിക്കുമ്പോള്‍ സജിലിന് ഏറ്റപൊള്ളലും കേസിലെ പ്രധാനതെളിവായി.

ക്രൂരമായ കൊലപാതകത്തിനാണ് ജീവപര്യന്തം കഠിനതടവ് വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഏഴുവര്‍ഷവും തടവുശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍‌ മതി. പിഴത്തുകയായ നാലുലക്ഷം മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി വിധിച്ചു. നാടുവിടാനുള്ള ക്ഷണം നിരസിച്ചതോടെയാണ് സജില്‍ ശാരികയുടെ ശരീരത്തില്‍ പെട്രൊളൊഴിച്ച് തീ കൊളുത്തിയത്. സജിലുമായുള്ള അടുപ്പം വിലക്കിയ മാതാപിതാക്കള്‍ ശാരികയെ അപ്പൂപ്പന്‍റെ വീട്ടിലേക്ക് മാറ്റിയിരുന്നു. 

2017 ജൂലൈയില്‍ അപ്പൂപ്പന്‍റെ വീട്ടിലെത്തിയാണ് സജില്‍ പെട്രൊളൊഴിച്ച് തീകൊളുത്തിയത്.സജിലിനും മുപ്പത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റു.ഗുരുതരാവസ്ഥയില്‍ ആയ ശാരികയെ ഹെലിക്കോപ്ടറിലാണ് കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയില്‍ എത്തിച്ചത്. എട്ടാം ദിവസം ശാരിക മരിച്ചു. മരിക്കും മുന്‍പ് ശാരിക നല്‍കിയ മൊഴികളാണ് പ്രധാന തെളിവായത്. 

സജിലിനേറ്റ പൊള്ളലും തെളിവായി.ദൃക്സാക്ഷിയായ അപ്പൂപ്പന്‍ വിചാരണ തുടങ്ങും മുന്‍പ് മരിച്ചു. സജില്‍ ഓടിപ്പോകുന്നത് കണ്ട സാക്ഷികളുടെ മൊഴിയും നിര്‍ണായകമായി.പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.പ്രതിയുടെ മാതാപിതാക്കളും വിധികേള്‍ക്കാന്‍ എത്തിയിരുന്നു.