എന്‍റെ പൊന്നു മോളെ..നീ പോയല്ലോ എന്ന് പറഞ്ഞ് കരച്ചില്‍, ആദ്യം കണ്ടാല്‍ ആരും ആ കുഞ്ഞിന്‍റെ വിയോഗത്തിലുള്ള ഇളയച്ഛന്‍റെ കരച്ചിലാണെന്ന് കരുതും, എന്നാല്‍ ക്രൂരതയുടെ പൈശാചിക മുഖമായിരുന്നു അതെന്ന് അറിയാന്‍ താമസിച്ചു പോയി. മൂന്നര വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിനു പിതാവിന്റെ സഹോദരനെ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം നാട്ടുകാർ കേട്ടത് നടുക്കത്തോടെയാണ്. കുട്ടിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഇയാൾക്കു ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ലാ പലര്‍ക്കും. കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ സ്വഭാവ വൈകൃതത്തിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ ഇയാളെ ഏറെ ദു:ഖിതനായാണ് കാണപ്പെട്ടത്.
അപ്രതീക്ഷിതമായ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഫൊറൻസിക് സംഘം കുട്ടിയും പ്രതിയും താമസിച്ചിരുന്നു വീടുകളിലെത്തി. പ്രതിയുടെ വസ്ത്രങ്ങളും കുട്ടിയുടെ ഉടുപ്പുകൾ, കിടക്കവിരി എന്നിവയും പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചു. മാതാവിനെയും പ്രതിയെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഈ കേസിൽ ഇനിയും കൂടുതൽ കുറ്റകൃത്യങ്ങൾ പുറത്തുവരാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസും അടുത്ത ബന്ധുക്കളെ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. കുഞ്ഞുമായി അടുത്ത് ഇടപഴകിയവരെ സംസ്കാര ചടങ്ങുകൾക്കിടയിലും നിരീക്ഷിച്ചു. കുഞ്ഞ് താമസിച്ചിരുന്ന ചെറിയ വീട്ടിൽ മാതാപിതാക്കൾക്കു പുറമേ ഏകസഹോദരനും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം കുട്ടികൾ രണ്ടുപേരും പലപ്പോഴും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് തങ്ങിയിരുന്നത്. മുത്തച്ഛനും മുത്തശ്ശിക്കും പുറമേ പിതാവിന്റെ അവിവാഹിതരായ രണ്ടു സഹോദരന്മാരാണ് അവിടെ താമസിച്ചിരുന്നത്.