പാലക്കാട് ഒറ്റപ്പാലത്തു മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. കേസിൽ രണ്ടാം പ്രതിയായ കോതകുറുശ്ശി കൂമുളംകാട്ടിൽ മുഹമ്മദലിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. പാലപ്പുറം സ്വദേശിയായ ബേക്കറി ജീവനക്കാരന്‍റെ രണ്ടു മക്കൾക്കു സർക്കാർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 8.57 ലക്ഷം രൂപയാണ് ഇവരില്‍ നിന്നും പറ്റിച്ചു.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒറ്റപ്പാലം സ്വദേശിയായ സുഹൃത്ത് വഴിയാണു മുത്തുവും മുഹമ്മദലിയും പാലപ്പുറം സ്വദേശിയെ പരിചയപ്പെട്ടത്. മുഹമ്മദലിക്കു നേരത്തെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്ത പരിചയം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു തട്ടിപ്പ്. 2024 ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലാണു വിവിധ ഘട്ടങ്ങളിലായി പണം തട്ടിയത്.
ജോലി ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്യാതിരുന്നതോടെ പരാതിക്കാരൻ പൊലീസിനെ സമീപിച്ചു. രണ്ടാം പ്രതി മുഹമ്മദലി പിടിയിലായി. ഒന്നാം പ്രതി മുത്തുവിന് വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പാലപ്പുറം സ്വദേശിയുടെ മക്കളിൽ ഒരാൾ കാഴ്‌ച പരിമിതനാണ്. കേസിനു പിന്നാലെ മറ്റു ചിലരും പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്. ഇൻസ്പെക്ടർ എ.അജീഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.