വ്യാജമോഷണക്കേസില്‍ കുടുക്കി പേരൂര്‍ക്കട പൊലീസ് ദലിത് സ്ത്രീയെ പീഡിപ്പിച്ചതിലെ സമഗ്രാന്വേഷണം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നടത്തും. കെ.എ.വിദ്യാധരനാണ് അന്വേഷണ ചുമതല. പൊലീസുകാരുടെ വീഴ്ച മുതല്‍ വ്യാജ മോഷണ പരാതിയുടെ സാഹചര്യം വരെ അന്വേഷിക്കും.
ബിന്ദു നേരിട്ട ക്രൂരതകള്‍, അതിന്‍റെ ഉത്തരവാദികള്‍ ആരെല്ലാം, അതിനിടയാക്കിയ സാഹചര്യമെന്ത് ഇതെല്ലാം വ്യക്തമാക്കുന്ന സമഗ്രാന്വേഷണത്തിനാണ് തീരുമാനമായത്. ജില്ലയ്ക്ക് പുറത്തുള്ള ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായ കെ.എ.വിദ്യാധരനെ ചുമതലപ്പെടുത്തിയത്. ജൂണ്‍ 25നകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ദക്ഷിണമേഖല ഐ.ജി ശ്യാംസുന്ദറിന്‍റെ ഉത്തരവ്. നിലവില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്റ് അസിസ്റ്റന്‍റ് കമ്മീഷണറും സ്പെഷല്‍ ബ്രാഞ്ച് എ.സി.പിയും അന്വേഷിച്ചിരുന്നു. ഇവരുടെ അന്വേഷണത്തില്‍ പൊലീസ് വീഴ്ച സ്ഥിരീകരിച്ചു.
എസ്.ഐ എസ്.ജി പ്രസാദ്, ഗ്രേഡ് എ.എസ്.ഐ പ്രസന്നന്‍ എന്നിവരെ സസ്പെന്‍ഡും ചെയ്തു. ഇതിനപ്പുറം ആര്‍ക്കും വീഴ്ചയില്ലെന്നാണ് നിലവിലെ അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷന്‍റെ ചുമതലയുള്ള സി.ഐ ഉള്‍പ്പടെയുള്ളവര്‍ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുകയും ചെയ്തു. പുതിയ അന്വേഷണത്തില്‍ ഇതിനപ്പുറമുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തുമോയെന്നതാണ് നിര്‍ണായകം. അതുപോലെ കാണാതായെന്ന് പറഞ്ഞ മാല പിറ്റേദിവസം കണ്ടുകിട്ടിയിരുന്നു. ഇതന്വേഷിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. ഇതും അന്വേഷണ പരിധിയില്‍ വരും.