കല്യാണി കൊലക്കേസിൽ മൂന്നരവയസുകാരിയുടെ അമ്മ കൊല്ലാനിടയായതിൽ വ്യക്തത തേടി പൊലീസ്. ഭർത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാനാണ് കല്യാണിയെ കൊന്നതെന്നാണ് അമ്മ സന്ധ്യ മൊഴി നൽകിയതെങ്കിലും പൊലീസ് ഇത് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അതിനിടെ പുത്തൻകുരിശ് പൊലീസ് മറ്റക്കുഴിയിലെ വീട്ടിലെത്തി സന്ധ്യയുടെ ഭർത്താവ് സുഭാഷിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.
കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്നേഹിച്ചത് ഇഷ്ടമായിരുന്നില്ലെന്നാണ് സന്ധ്യ ചോദ്യംചെയ്യലിനിടെ പറഞ്ഞത്. തുടർന്ന് ഭർത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാനാണ് താൻ മകളെ കൊന്നതെന്ന് സന്ധ്യ തുറന്നു പറഞ്ഞു. മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ സന്ധ്യ ആദ്യമെത്തിയതു ശിവരാത്രി മണപ്പുറത്താണെന്നും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് കുട്ടിയുമായി മൂഴിക്കുളത്തേക്കു പോവുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.
തിങ്കളാഴ്ച്ച വൈകിട്ട് 5.30ന് മണപ്പുറം നടപ്പാലത്തിന്റെ നടയിൽ സന്ധ്യയും കുഞ്ഞും ഇരിക്കുന്നത് കണ്ട പറവൂർ കവലയിലെ ഓട്ടോ ഡ്രൈവറായ വള്ളക്കണ്ടത്തിൽ വിജയൻ സന്ധ്യയോട് സംസാരിച്ചിരുന്നു. ഇതോടെ സ്ഥലത്തുനിന്ന് ഒരു ഓട്ടോറിക്ഷയിൽ സന്ധ്യയും കുഞ്ഞും കയറിപ്പോവുകയായിരുന്നു.
ഇന്നലെ സന്ധ്യയുടെ ബന്ധുക്കളിൽ പലരുടെയും മൊഴി രേഖപ്പെടുത്തിയശേഷമാണ് പുത്തൻകുരിശ് പൊലീസ് ഇന്ന് കല്യാണിയുടെ അച്ഛൻ സുഭാഷിന്റെയും ബന്ധുക്കളുടെയും വിശദമായ മൊഴിയെടുത്തത്.