വയനാട് കല്‍പ്പറ്റയില്‍ കാര്‍ ഡ്രൈവിങ്ങിനിടെ യാത്രക്കാരന്‍ ഫോണ്‍ ഉപയോഗിച്ചതിനെ ചൊല്ലി ട്രാഫിക് പൊലീസുമായി പൊരിഞ്ഞ തര്‍ക്കം. മലപ്പുറം സ്വദേശിയായ യുവാവിനെ ജീപ്പിലേക്ക് പൊലീസ് ബലമായി തള്ളിക്കയറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി.
രാവിലെ പത്തുമണിയോടെ കല്‍പ്പറ്റ ആനപ്പാലം ജംഗ്ഷനിലാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഇടതുകൈയ്യില്‍ മൊബൈല്‍ പിടിച്ച് കാര്‍ ഓടിച്ച യുവാവിനെ പൊലീസ് തടയുന്നു. എന്നാല്‍ കാറിലെ ബ്ലൂടൂത്ത് വഴിയാണ് സംസാരിച്ചതെന്ന് മലപ്പുറം എടവണ്ണ സ്വദേശിയായ ഷംസൂന്‍ പെലീസിനോട്.
ട്രാഫിക് എസ്.ഐയും യുവാവുമായി നടുറോഡില്‍ വാക്കേറ്റം കനത്തതിന് പിന്നാലെ ഇയാളെ ബലമായി പിടിച്ച് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നു. മലപ്പുറത്ത് നിന്ന് വന്ന് നിന്‍റെ അഭ്യാസം ഇവിടെ വേണ്ട എന്ന് പൊലീസ് പറയുന്നത് കേള്‍ക്കാം. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വലിയതോതില്‍ ചര്‍ച്ചയായി.
ഫോണില്‍ സംസാരിച്ചതിന് ഫൈന്‍ ചുമത്തിയതിന് ഒപ്പം പൊലീസിന്‍റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് കേസും എടുത്താണ് യുവാവിനെ വിട്ടയച്ചത്. യുവാവിന്‍റെ പ്രകോപനം കാരണമാണ് ബലപ്രയോഗം വേണ്ടിവന്നതെന്നാണ് ട്രാഫിക് എസ്.ഐ നല്‍കുന്ന വിശദീകരണം.