1. മരിച്ച ഉഷ. 2. വീട്ടില്‍ പരിശോധന നടത്തുന്ന പൊലീസ്
പാലക്കാട് തൃത്താലയിൽ കിടപ്പിലായ ഭാര്യയെ കൊന്നു വിവരം ബന്ധുക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അറിയിച്ച് ഭർത്താവ്. 62കാരൻ മുരളീധരനെ തൃത്താല പൊലീസ് പിടികൂടി. ഒതളൂർ കൊങ്ങശ്ശേരി വളപ്പിൽ ഉഷാ നന്ദിനിയെയാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്..
13 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശത്തിലൂടെയാണ് ഭാര്യ ഉഷാനന്ദിനിയെ കൊലപ്പെടുത്തിയെന്ന് മുരളീധരൻ അറിയിച്ചത്. കുടുംബ ഗ്രൂപ്പിലെ സന്ദേശം കേട്ട് ഒതളൂരിലെ വീട്ടിലേക്ക് ഓടിയെത്തിയ ബന്ധുക്കൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഉഷാ നന്ദിനിയെ കണ്ടെത്തി. തുടർന്ന് തൃത്താല പൊലീസിൽ വിവരം അറിയിച്ചു.
കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്യലിൽ ഭാര്യയെ താൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് മുരളീധരൻ മൊഴി നൽകിയിട്ടുണ്ട്. ഉഷാനന്ദിനി മൂന്ന് മാസം മുമ്പ്ശുചിമുറിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അടുത്തിടെയാണ് പൂർണ്ണമായി കിടപ്പിലായത്. റിക്കവർ ആവാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു ഈ മനോവിഷമം ആകാം കൊലപാതത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫോറൻസിക് വിഭാഗം പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുരളീധരനെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.