പാലക്കാടിൽ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ പൊതുമുതൽ വ്യാപകമായി നശിപ്പിച്ചെന്ന് പരാതി. പട്ടികജാതി-പട്ടിക വർഗ വകുപ്പിന്റെ സംസ്ഥാന സംഗമത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് നാശനഷ്ടങ്ങളുണ്ടായതായി നഗരസഭയുടെ പരാതി. അതേസമയം വേടനെതിരെയുള്ള ബിജെപി വിമർശനം ഇന്നും തുടർന്നപ്പോൾ വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനാണെന്ന് അഭിപ്രായപ്പെട്ടും പിന്തുണയുമായും എം. വി ഗോവിന്ദൻ രംഗത്തെത്തി.
പാലക്കാട് കോട്ട മൈതാനിയിൽ ഇന്നലെ വൈകീട്ടായിരുന്നു വേടന്റെ പരിപാടി. ഉൾക്കൊള്ളാവുന്നതിലും ഇരട്ടി ആളുകളെത്തിയതോടെയാണ് ഉന്തും തള്ളും പിന്നാലെ പൊലീസിന്റെ ലാത്തിയടിയും ഉണ്ടാകുന്നത്. പരിപാടി ഒരു മണിക്കൂറിനുള്ളിൽ അവസാനിച്ചതോടെ ജനക്കൂട്ടം പിന്തിരിഞ്ഞു. എന്നാൽ പരിപാടിക്കിടെ വ്യാപകനാശനഷ്ടങ്ങളുണ്ടായതായാണ് നഗരസഭയുടെ പരാതി. പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങളും വേസ്റ്റ്ബിൻ അടക്കം തകർത്തെന്നും നഗരസഭ
വിഷയത്തിൽ പൊലീസിനെ സമീപിക്കാനും നഗരസഭക്ക് നീക്കമുണ്ട്. അതിനിടെ സർക്കാർ പരിപാടിയായിട്ടും വേണ്ടത്ര സുരക്ഷയൊരുക്കാത്തതിൽ വലിയ അമർഷം പുകയുന്നുണ്ട്. 3000 ആളുകൾക്ക് മാത്രം നിൽക്കാൻ പറ്റുന്ന സ്ഥലത്ത് പരിപാടി വെച്ചത് വീഴ്ചയാണ്. മുഖ്യമന്ത്രി ജില്ലയിലുള്ളതിനാൽ കൂടുതൽ പൊലീസുകാരെയും വിന്യസിക്കാനായില്ല. അതേ സമയം വെടനെതിരെയുള്ള ബിജെപിയുടെ വിമർശനം ഇന്നും തുടർന്നു. എന്നാൽ വേടനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. വേടന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയാണെന്നും വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവനാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു..