കോഴിക്കോട് താമരശ്ശേരിയില്‍ ലഹരി വിരുദ്ധ സമിതിക്ക് നേരെ വീണ്ടും ആക്രമണം. ഏഴ് പേര്‍ക്ക് പരുക്കേറ്റു . കേസില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വിട്ടയച്ചതില്‍ ദുരൂഹതയാരോപിച്ച് സമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ചുരത്തിലെ ലഹരി ഉപയോഗത്തിന്‍റെ പേരില്‍ നാല് ദിവസം മുമ്പാണ് ഒരു സംഘം യുവാക്കള്‍ക്ക് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ താക്കീത് നല്‍കിയത്. ഇത് വകവെയ്ക്കാതെ ലഹരി ഉപയോഗം ആവര്‍ത്തിച്ചപ്പോള്‍ സമിതി പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും നീളാന്‍ കാരണമായി. ഈ ഏറ്റുമുട്ടലിലാണ് സമിതി പ്രവര്‍ത്തകനായ ഷൗക്കത്തിന്‍റെ കൈയുടെ എല്ലു പൊട്ടിയത്. മറ്റൊരാളുടെ കൈക്ക് കുത്തേറ്റതും. ഒപ്പം 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം മര്‍ദനമേറ്റിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അക്രമിസംഘത്തിലുണ്ടായിരുന്ന ഈങ്ങാപ്പുഴ സ്വദേശി നിജാസും താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവസ്ഥലത്തു നിന്ന് നിജാസിനെ കൂടാതെ അമന്‍, അമീര്‍ സദഫ്, മുഹസിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ വിട്ടയച്ചത് പൊലിസിന്‍റെ ഒത്തുകളിയാണെന്ന് സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ പ്രതികളെ വിട്ടയച്ചതല്ലെന്നും സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും പൊലിസ് വിശദീകരിച്ചു.