പത്തനംതിട്ട കലഞ്ഞൂരില്‍ ബൈക്കില്‍ പോയ യുവാവിന്‍റെ മുഖത്ത് ആസിഡൊഴിച്ചതില്‍ ദുരൂഹത തുടരുന്നു. പൊള്ളലേറ്റ യുവാവ് കാര്യങ്ങള്‍ തുറന്നു പറയാത്തതാണ് പ്രധാന പ്രശ്നം. ഇന്നലെ രാത്രിയാണ് വീടിന് സമീപത്ത് വച്ച് യുവാവിന് മേല്‍ മുഖം മറച്ച് എത്തിയ ആള്‍ ആസിഡ് ഒഴിച്ചത്.
കലഞ്ഞൂര്‍ സ്വദേശി അനൂപിന്‍റെ മുഖത്താണ് ഇന്നലെ രാത്രി മുഖം മറച്ച് എത്തിയ ആള്‍ ആസിഡ് സ്പ്രേ ചെയ്തത്. കട അടച്ച് ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ വഴിയിലെ കാട്ടില്‍ ഒളിച്ചിരുന്നയാളാണ് ആസിഡ് സ്പ്രേ ചെയ്തത്. അനൂപ് ബൈക്ക് നിര്‍ത്താതെ വീട്ടിലേക്ക് പോയി മുഖം കഴുകി. മുഖത്തും നെഞ്ചത്തുമാണ് പൊള്ളലേറ്റത്. കണ്ണിന് തകരാറില്ല. സ്ഥലത്തെ കാട്ടു ചെടികള്‍ ആസിഡ് വീണ് വാടിക്കരിഞ്ഞു.
അനൂപിന്‍റെ മൊഴിപ്രകാരം ലിതിന്‍ ലാല്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പക്ഷേ ഇപ്പോഴും കാര്യങ്ങളില്‍ വ്യക്തത ഇല്ല. മുന്‍വൈരാഗ്യമെന്ന് പറയുമ്പോഴും അനൂപ് കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല.പൊള്ളലേറ്റ അനൂപ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്യങ്ങള്‍ അന്വേഷിച്ചു വരുന്നതായി കൂടല്‍ പൊലീസ് പറഞ്ഞു.