കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി. ആയുധങ്ങളുമായി കാറിലെത്തിയ സംഘമാണ് കിഴക്കോത്ത് സ്വദേശി അന്നൂസ് റോഷനെ (21) തട്ടിക്കൊണ്ടുപോയത്. അന്നൂസിന്‍റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് കാരണമെന്ന് നിഗമനം. യുവാവിന്‍റെ സഹോദരന്‍ അജ്മല്‍ റോഷന് വിദേശത്താണ്. KL 65 L8306 നമ്പർ വെള്ള കാറിലാണ് പ്രതികൾ കടന്നത്.
അതേസമയം, ഏഴ് പേരടങ്ങുന്ന സംഘമാണ് വീട്ടിൽ എത്തി മകനെ തട്ടിക്കൊണ്ടു പോയതെന്ന് അനൂസ് റോഷന്റെ മാതാവ് ജമീല മനോരമ ന്യൂസിനോട് പറഞ്ഞു. അനൂസിന്‍റെ പിതാവിനെ ആണ് കൊണ്ടുപോകാൻ ശ്രമിച്ചത്. മൂത്തമകനുമായി ആണ് സാമ്പത്തിക ഇടപാടെന്നും 35 ലക്ഷം രൂപയാണ് നൽകാൻ ഉള്ളതെന്നും ജമീല പറഞ്ഞു. പണത്തിന്റെ കാര്യത്തിൽ എഗ്രിമെന്റ് എഴുതാൻ തയാർ ആണെന്ന് പറഞ്ഞിരുന്നു. സാവകാശം വേണമെന്ന് ആണ് ആവശ്യപ്പെട്ടത് സംഘത്തിലെ രണ്ടുപേർ നാട്ടുകാർ തന്നെയാണെന്നും ജമീല പ്രതികരിച്ചു. തിങ്കളാഴ്ച വീട്ടിലെത്തി രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയെന്ന് യുവാവിന്റെ പിതാവും പറഞ്ഞു. മൂത്ത മകനുമായാണ് സാമ്പത്തിക പ്രശ്നം, ഗള്‍ഫില്‍ നിന്ന് എത്തിയ മകന്‍ എവിടെ എന്ന് അറിയില്ലെന്നും പിതാവ്.