പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധുവിന്‍റെ വീട്ടിനുള്ളില്‍ വെട്ടിക്കൊന്നു. മദ്യപിച്ചുള്ള വഴക്കാണ് കാരണം എന്ന് കരുതുന്നു. ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വടശേരിക്കര സ്വദേശി ജോബിയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ റെജിയുടെ വീട്ടിലായിരുന്നു കൊലപാതകം. റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോബിയുടെ തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ട്. ഈ മുറിവില്‍ നിന്നാണ് മുറി മുഴുവൻ രക്തം നിറഞ്ഞത്. തലയ്ക്ക് പിന്നില്‍ വെട്ടേറ്റതാണെന്ന് പൊലീസ് പറയുന്നു. ശരീരത്തിന്‍റെ മറ്റ് ഭാഗത്തും മുറിവുകളുണ്ട്. അയല്‍ക്കാര്‍ അറിയിച്ചത് അനുസരിച്ചാണ് രാവിലെ പൊലീസ് എത്തിയതും വീട്ടിലുണ്ടായിരുന്ന റെജിയെ കസ്റ്റഡിയില്‍ എടുത്തതും. വികലാംഗനായ റെജി പോക്സോ കേസില്‍ ജയിലില്‍ കഴിഞ്ഞയാളാണ്. ചില കേസുകളിലും പ്രതിയാണ്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. റെജി ഒറ്റയ്ക്കാണ് താമസം. രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് സംശയം.
റെജിയും കൊല്ലപ്പെട്ട ജോബിയും ഭാര്യമാരുമായി അകന്നു കഴിയുകയാണ്. കൊലപാതകം അറിഞ്ഞ് ജോബിയുടെ അമ്മയും സഹോദരിയും വീട്ടിലെത്തി. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിന്‍റെ ഭാഗമായാണ് രണ്ടുപേരും രാത്രിയില്‍ ഒരുമിച്ച് കൂടിയത്. റാന്നി പൊലീസ് വിശദമായി പരിശോധിക്കുന്നു. ഫൊറന്‍സിക് വിദഗ്ധര്‍ തെളിവെടുത്തു