ഇടുക്കി തോപ്രാംകുടിയില്‍ ഉല്‍സവത്തിനിടെ യുവാവിന് ക്രൂരമര്‍ദനം. തോപ്രാംകുടി സ്വദേശി വിജേഷ് വര്‍ഗീസിനാണ് തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റത്. ഞായറാഴ്ച തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു വിജേഷിന് മര്‍ദനമേറ്റത്. നഗരത്തില്‍വച്ച് നടന്ന മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കമ്പിവടി ഉള്‍പ്പടെ ഉള്ളവ ഉപയോഗിച്ചാണ് വിജേഷിനെ അതിക്രൂരമായി പ്രതികള്‍ മര്‍ദിച്ചത്. വിജേഷ് റോഡില്‍ തളര്‍ന്ന് വീണതോടെ പ്രതികള്‍ മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റ വിജേഷ് കൊച്ചി അമൃത ആശുപത്രിയില്‍ നിലവില്‍ ചികില്‍സയിലാണ്. തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്. വിജേഷ് ആശുപത്രിയിലായതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.