ഹൈബ്രിഡ് കഞ്ചാവ് കേസിൽ തുടരന്വേഷണത്തിന് എക്സൈസ് സംഘം ചെന്നൈയിലേക്ക് . കേസിൽ അറസ്റ്റിലായ തസ്ലീമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലിയുടെ ഇടപാടുകൾ കണ്ടെത്തുന്നതിനാണിത്. സ്വർണം , ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കൊപ്പം ഹൈബ്രിഡ് കഞ്ചാവും ഇയാൾ കടത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടർന്നാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള അന്വേഷണം.
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ മൂന്നാം പ്രതിയാണ് തസ്ലീമയുടെ ഭർത്താവായ സുൽത്താൻ അക്ബർ അലി. ചെന്നെയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതും രാജ്യത്തൊട്ടാകെ കണ്ണികളുള്ളതുമായ സംഘത്തിന്‍റെ ഭാഗമാണ് സുൽത്താൻ അക്ബർ അലി. സ്വർണത്തിനൊപ്പം ഇയാൾ ഹൈബ്രിഡ് കഞ്ചാവും കടത്തിയിരുന്നു. ആലപ്പുഴയിൽ പിടികൂടിയ കഞ്ചാവ് മലേഷ്യയിൽ നിന്ന് ഇയാൾ എത്തിച്ചതാണ്.
സുൽത്താൻ അക്ബറലിയുടെ ഇടപാടുകളെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനാണ് അന്വേഷണ സംഘം ചെന്നൈയിൽ എത്തുന്നത്. സിംഗപ്പൂർ, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് സ്വർണത്തോടൊപ്പം ഹൈബ്രിഡ് കഞ്ചാവും കടത്തുന്നത്. ഹൈബ്രിഡ് കഞ്ചാവ് കടത്തിനൊപ്പം ബന്ധപ്പെട്ട് കിടക്കുന്ന സ്വർണക്കടത്ത് , പെൺവാണിഭ ഇടപാടുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസന്വേഷണത്തിന്‍റെ ഒന്നാം ഘട്ടം പൂർത്തിയായി. വൈകാതെ കുറ്റപത്രം സമർപ്പിക്കും. കേസിൽ സാക്ഷിയാക്കുന്ന നടൻ ശ്രീനാഥ് ഭാസി അടക്കമുള്ളവരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. പ്രതികളായ തസ്ലീമ , സുൽത്താൻ അക്ബർ അലി, ഫിറോസ് എന്നിവർ ഇപ്പോഴും റിമാൻഡിലാണ് . കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാത്രിയിലാണ് 3 കിലോ ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴയിൽ പിടികൂടിയത്. സിനിമ നടൻമാർ അടക്കമുള്ളവരുമായി മുഖ്യ പ്രതി തസ്ലീമയ്ക്കുള്ള ബന്ധമാണ് കേസിനെ ശ്രദ്ധേയമാക്കിയത്.