ganja-case

ലഹരി കടത്തുകൾ അതിവേഗം പിടിക്കപ്പെടുന്നതോടെയാണ് പുതിയ രീതികൾ സംഘം പരീക്ഷിക്കുന്നത്. 200 സൈക്കിൾ പമ്പുകൾക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവാണ് നെടുമ്പാശേരി യിൽ പിടികൂടിയത്. ശനിയാഴ്ച രാത്രി 11ഓടെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും പോലീസും ചേർന്നാണ് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയത്. 

കഞ്ചാവ് കടത്തിയ പശ്ചിമ ബംഗാൾ മൂർഷിദാബാദുകാരായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30),  റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള  സിഗ്നൽ ജംഗ്ഷനിൽ 'നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഒഡീഷയിൽ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കിൽ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ തീവണ്ടിയിറങ്ങിയ ശേഷം സംഘം ബസിൽ അങ്കമാലിയിലെത്തി. തുടർന്ന് ഓട്ടോയിൽ പോകുമ്പോഴാണ് പൊലീസ് പരിശോധന നടത്തിയത്. സൈക്കിൾ പമ്പ് വിൽപ്പനക്കെന്ന രീതിയിലാണ് ഇവർ യാത്ര ചെയ്തത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. പിടികൂടാതിരിക്കാനുള്ള തന്ത്രം അന്വേഷണ സംഘം പൊളിച്ചടക്കി.

റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ  നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി. ടി. ആർ. രാജേഷ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ സാബു.ജി തുടങ്ങിയവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്

ENGLISH SUMMARY:

Two migrant workers were arrested with nearly 24 kg of cannabis hidden inside 200 bicycle pumps. The contraband was being smuggled in a highly discreet manner.