തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായതില്‍ ഗുരുതര വീഴ്ച വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട്. സ്വര്‍ണം സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥരോ സി.സി.ടി.വി ക്യാമറയോ ഇല്ല. മേല്‍ക്കൂര പൊട്ടിപ്പൊളിഞ്ഞതെന്നും റിപ്പോര്‍ട്ട്. അതേസമയം സ്വര്‍ണം മോഷണം പോയതോ കാണാതായതോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസ് പരിശോധന തുടരുന്നു.
കോടിക്കണക്കിന് മൂല്യമുള്ള നിധിശേഖരം നിറഞ്ഞ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 13 പവന്‍ സ്വര്‍ണം കാണാതായി. നിധിയുടെ ഭാഗമല്ലെങ്കില്‍ പോലും ക്ഷേത്ര സ്വര്‍ണം ആരെടുത്തു, എന്താണ് സംഭവിച്ചത് എന്ന ഞെട്ടലിലാണ് വിശ്വാസികളും പൊലീസും. ക്ഷേത്രശ്രീകോവിലിന്‍റെ വാതിലില്‍ സ്വര്‍ണത്തകിടിന്‍റെ കേടുപാടുകള്‍ പരിഹരിക്കുന്ന ജോലിയാണ് ഏപ്രില്‍ 29 മുതല്‍ നടന്ന് വന്നത്. എറണാകുളം സ്വദേശിയും തമിഴ്നാട്ടുകാരുമായ രണ്ടുപേരുമടങ്ങിയ സംഘമാണ് ജോലി ചെയ്യുന്നത്. പണിക്കാവശ്യമായ സ്വര്‍ണം സ്ട്രോങ് റൂമില്‍ നിന്ന് പൊലീസും ക്ഷേത്രം ജീവനക്കാരും ചേര്‍ന്ന് എടുത്ത് നല്‍കുകയും പണിക്ക് ശേഷം അതുപോലെ തന്നെ തിരികെ വെക്കുന്നതുമാണ് രീതി. ബുധനാഴ്ച വരെ കാര്യങ്ങള്‍ മുറയ്ക്ക് നടന്നു. ശനിയാഴ്ച രാവിലെ സ്ട്രോങ് റൂമില്‍ നിന്ന് സ്വര്‍ണം പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് 107 ഗ്രാം കുറവ് കണ്ടത്. സ്വര്‍ണം സൂക്ഷിക്കുന്ന പെട്ടികളുടെ താക്കോല്‍ ദേവസ്വത്തിന്‍റെയും പെട്ടി സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്‍റെ താക്കോന്‍ പൊലീസിന്‍റെ കയ്യിലുമാണ്. അതിനാല്‍ സ്ട്രോങ് റൂമിനുള്ളില്‍ കടന്ന് കയറിയുള്ള മോഷണത്തിന് സാധ്യത കുറവെന്നാണ് നിഗമനം. അതിനാല്‍ മോഷണാമാണോ എവിടെയെങ്കിലും മാറിവെച്ചതാണോയെന്ന് അറിയാന്‍ സി.സി.ടി.വി കാമറകളും ക്ഷേത്രത്തിനുള്ളിലും ഡി.സി.പിയുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. അതേസമയം കനത്ത സുരക്ഷയെന്നൊക്കെ കൊട്ടിഘോഷിക്കലുകള്‍ വാക്കുകളില്‍ മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. സ്വര്‍ണം സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് മുന്നില്‍ പൊലീസ് കാവലില്ല. സി.സി.ടി.വി ക്യമാറയുമില്ല. അതിനേക്കാള്‍ ശോകം, സ്ട്രോങ് റൂമിന്‍റെ മേല്‍ക്കൂരയിലെ ഓട് ഇളകി ആര്‍ക്ക് വേണമെങ്കിലും അകത്ത് കയാറാവുന്ന അവസ്ഥയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.