കണ്ണൂര്‍ കരിവെള്ളൂരില്‍ വിവാഹാഭരണങ്ങള്‍ മോഷണം പോയ കേസില്‍ വന്‍ ട്വിസ്റ്റ്. മോഷണം പോയ 30 പവന്‍ സ്വര്‍ണാഭരണങ്ങളും വരന്‍റെ വീടിന് തൊട്ടടുത്ത് ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെ ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ പോയപ്പോഴാണ് വീടിനരികില്‍ നിന്ന് പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തിയത്.
വധുവിന്‍റെ വിവാഹാഭരണങ്ങള്‍ ബന്ധുക്കളെ കാണിക്കാനായി എടുക്കാന്‍ നോക്കുമ്പോഴാണ് അലമാരയില്‍ ആഭരണപ്പെട്ടി ശൂന്യമെന്ന് കാണുന്നത്. ഇക്കഴിഞ്ഞ ഒന്നാം തിയതി വിവാഹം കഴിഞ്ഞ് അലമാരയില്‍ വെച്ച് പൂട്ടിയ ആഭരണങ്ങളാണ് അടുത്ത ദിവസം നോക്കുമ്പോള്‍ മോഷ്ടിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഇതോടെ സംശയങ്ങളായി, അങ്കലാപ്പായി. പോയത് മുപ്പത് പവനാണ്. പൊലീസെത്തി അന്വേഷണം തുടങ്ങി, ഒരു തുമ്പും കിട്ടിയില്ല. വീട്ടുകാരടക്കം സംശയനിഴലില്‍ നിന്ന ദിവസങ്ങള്‍.
ഇതിനിടെ ഇന്ന് പൊലീസ് വീണ്ടും വീട്ടിലെത്തി. അപ്പോഴതാ, യാദൃശ്ചികമായൊരു കാഴ്ച. വീടിനോട് തൊട്ടടുത്ത് നിന്ന് പത്രത്തില്‍ പൊതിഞ്ഞ , ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആ 30 പവന്‍. പിടിക്കപ്പെടുമെന്ന് കണ്ട് കള്ളന്‍ വീടിന് മുമ്പില്‍ കൊണ്ടിട്ടതാണെന്നുറപ്പ്. പക്ഷേ, ആ കള്ളന്‍ ആരാണെന്ന് പൊലീസിന് ഇപ്പോഴും കണ്ടുപിടിക്കാനായില്ല. ഡോഗ് സ്ക്വാഡെത്തി വിശദമായി പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടിയില്ലെന്നാണ് വിവരം. സ്വര്‍ണം തിരിച്ചുകിട്ടിയ ആശ്വാസം ഒരിടത്തു നില്‍ക്കുമ്പോഴും, പൊലീസിനെയും വീട്ടുകാരെയും വട്ടംകറക്കിയ കള്ളനെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്.
കരിവെള്ളൂര്‍ പാലിയേരിയിലെ മനോഹരന്‍റെ വീട്ടിലാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളെല്ലാം. മനോഹരന്‍റെ മകന്‍ അര്‍ജുനും, കൊല്ലം സ്വദേശി ആര്‍ച്ചയും തമ്മിലുള്ള വിവാഹമാണ് നടന്നിരുന്നത്. നാല് പെട്ടികളിലായാണ് ആഭരണങ്ങള്‍ വെച്ചിരുന്നത്. ഇതില്‍ ഒരു പെട്ടി പൂര്‍ണമായും, മറ്റു പെട്ടികളിലെ തൂക്കമുള്ള ആഭരണങ്ങളുമാണ് മോഷ്ടിച്ചത്. 12 വളകള്‍, 6 മാലകള്‍, കമ്മല്‍, കൈച്ചെയിന്‍ തുടങ്ങിയവയായിരുന്നു കാണാതായവ.