വാളയാര്‍ ടോള്‍ പ്ലാസയില്‍ എക്സൈസിന്‍റെ നേൃത്വത്തില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ കുഴല്‍പ്പണവും നൂറ് ഗ്രാം എം.ഡി.എം.എയും പിടികൂടി. രേഖകളില്ലാത്ത പണവുമായി ഹൈദരാബാദില്‍ നിന്നും എറണാകുളത്തേക്ക് സഞ്ചരിക്കുകയായിരുന്ന ആന്ധ്ര സ്വദേശി പാര്‍ഥസാരഥിയാണ് പിടിയിലായത്. നൂറ് ഗ്രാം എം.ഡി.എം.എയുമായി മണ്ണാര്‍ക്കാട് എടത്തനാട്ടുകര സ്വദേശി അസ്ലി ബാബുവാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വാളയാര്‍ ടോള്‍ പ്ലാസയില്‍ ഒരു കിലോയിലേറെ എം.ഡി.എം.എ പിടികൂടിയ അതേ സംഘമാണ് കുഴല്‍പ്പണവും രാസലഹരിയും പിടികൂടിയത്.
ബാഗിലൊളിപ്പിച്ച ഒരു കോടി 65 ലക്ഷം രൂപ കൊച്ചിയിലെത്തിക്കുകയായിരുന്നു പാര്‍ഥസാരഥിയുടെ ലക്ഷ്യം. പരിശോധന മറികടക്കാനായി വിവിധ ബസുകളില്‍ കയറി അതിര്‍ത്തി കടക്കാനായിരുന്നു പാര്‍ഥസാരഥിയുടെ ശ്രമം. ഒറ്റപ്പാലം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.പ്രേമാനന്ദ കുമാറും സംഘവുമാണ് വിപുലമായ പരിശോധനയില്‍ ബാഗിലൊളിപ്പിച്ചിരുന്ന പണം കണ്ടെടുത്തത്. യാത്രാലക്ഷ്യം ഉള്‍പ്പെടെ മാറ്റിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുടുങ്ങുകയായിരുന്നു. സ്വര്‍ണ വ്യാപാരത്തിന്‍റെ മറവിലുള്ള കള്ളപ്പണക്കടത്തെന്നാണ് എക്സൈസ് കണ്ടെത്തിയിട്ടുള്ളത്. പണവും പാര്‍ഥസാരഥിയെയും ആദായനികുതി വകുപ്പിന് കൈമാറി.
ബെംഗളൂരുവില്‍ നിന്നും പാലക്കാട്ടേക്ക് ലഹരി കടത്താനുള്ള ശ്രമത്തിനിടെയാണ് മണ്ണാര്‍ക്കാട് എടത്തനാട്ടുകര സ്വദേശി അസ്ലി ബാബു പിടിയിലായത്. പത്ത് ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള സ്വകാര്യ ബസിലായിരുന്നു യാത്ര. മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് പതിവുകാര്‍ക്ക് കൈമാറാനായി എത്തിച്ച ലഹരിയെന്നാണ് പിടിയിലായ യുവാവിന്‍റെ മൊഴി. ഫോണ്‍ രേഖകള്‍ പരിശോധിച്ച് പതിവായി ലഹരി ഇടപാട് നടത്തുന്ന യുവാക്കളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അടിവസ്ത്രത്തിലും, ശരീരത്തില്‍ രഹസ്യമായി ഒളിപ്പിച്ചുമാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. തൃശൂര്‍ പൂരത്തിന്‍റെ മറവില്‍ ലഹരി ഇടപാടിനായി ഒരു കിലോ എം.ഡി.എം.എ എത്തിച്ച തൃശൂര്‍ സ്വദേശിയെയും കഴിഞ്ഞദിവസം വാളയാര്‍ ടോള്‍ പ്ലാസയില്‍ എക്സൈസ് പിടികൂടിയിരുന്നു.