തിരുവനന്തപുരം കാട്ടാക്കടയില്‍ ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത പതിനഞ്ചുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് കോടതി. പത്ത് ലക്ഷം രൂപയുടെ പിഴയും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. വിധി സമൂഹത്തിന് മാതൃകയാകണമെന്ന് കൊല്ലപ്പെട്ട ആദിശേഖറിന്‍റെ അച്ഛന്‍ അരുണ്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ആദിശേഖറെന്ന പത്താംക്ലാസുകാരന്‍റെ ജീവനെടുത്തതിന്‍റെ നേര്‍ക്കാഴ്ചയാണിത്. ഓണദിവസമായ 2023 ഓഗസ്റ്റ് 30ന് വൈകിട്ട് ആദി മരിക്കുമ്പോള്‍ എല്ലാവരും കരുതിയത് വെറും റോഡപകടമെന്നായിരുന്നു. മൂന്നാം ദിവസം ഈ സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന് തിരിച്ചറിയുന്നത്. ആ ദൃശ്യം തന്നെ പ്രതി പ്രിയരഞ്ചന് ജീവപര്യന്തം തടവറയൊരുക്കുമ്പോള്‍ ദൈവത്തിന്‍റെ കണ്ണെന്ന് വിശേഷിപ്പിക്കുകയാണ് അധ്യാപകന്‍ കൂടിയായ അച്ഛന്‍.
വിദേശത്ത് ജോലിയുള്ളയാളാണ് പ്രിയരഞ്ചന്‍. തിരുവനന്തപുരത്താണ് താമസമെങ്കിലും പലപ്പോഴും മദ്യപിക്കാനും മറ്റുമായി സ്വന്തം നാടായ പൂവച്ചലിലെത്തും. അങ്ങിനെ പോയ ഒരു ദിവസം, ഏപ്രില്‍ 19ന് ആദിശേഖറിന്‍റെ വീടിന് സമീപത്തുള്ള ക്ഷേത്രപരിസരത്ത് പ്രിയരഞ്ചന്‍ മൂത്രമൊഴിച്ചു. അത് ചോദ്യം ചെയ്ത ആദിശേഖര്‍ ഇവിടെ മൂത്രമൊഴിക്കാന്‍ നാണമില്ലേയെന്ന് പ്രിയരഞ്ചനോട് ചോദിച്ചു. ആ വൈരാഗ്യമാണ് കൊലയിലെത്തിയത്. ആദിശേഖര്‍ കളിക്കാന്‍ പോകുന്ന വഴിയില്‍ 27 മിനിറ്റ് കാത്തിരുന്ന് ശേഷം കാറോടിച്ച് ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. കാറിന്‍റെ സാങ്കേതിക തകരാറുകൊണ്ടുള്ള അപകടമെന്ന പ്രതിഭാഗം വാദം പ്രോസിക്യൂഷന്‍ തകര്‍ത്തത് നിര്‍ണായകമായി.
അപകടശേഷം വാഹനം റോഡിന് കുറുകേയിട്ട് ആദിശേഖറിനെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ച പ്രതി മരണം ഉറപ്പാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് ഒളിവില്‍ പോവുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ക്കൊപ്പം ആദിശേഖറിന്‍റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും സാക്ഷിമൊഴികളോടെ പ്രതിയുടെ മുന്‍വൈരാഗ്യം തെളിയിച്ച കാട്ടാക്കട മുന്‍ എസ്.എച്ച്.ഒ ഷിബുവിന്‍റെ നേതൃത്വത്തിലെ അന്വേഷണവും വഴിത്തിരിവായി.