തിരുവനന്തപുരം നെടുമങ്ങാട് നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മോഷ്ടാക്കളായ രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. പ്രതികൾക്കായി അന്വേഷണം തുടങ്ങി.
ചിതറ- പാങ്ങോട് റോഡിൽ ചിതറ ഗവൺമെന്റ് ഹൈസ്കൂളിന് മുന്നിലാണ് ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പനവൂർ പി.ആർ ഹോസ്പിറ്റിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസ് ആണ്. ആശുപത്രി വളപ്പിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ ആംബുലൻസ് ആംബുലൻസ് കടത്തിക്കൊണ്ടുപോയി. കെ.എം.വൈ.എഫ് കനിവ് പനവൂർ മേഖല കമ്മറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ്.
രണ്ട് യുവാക്കളാണ് മോഷണത്തിൽ പിന്നിലെന്നാണ് വിവരം. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആശുപത്രിക്ക് മുന്നിൽ ഇരുന്ന ഒരു ബൈക്കും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നു.
അതേസമയം ആശുപത്രിയ്ക്ക് സമീപത്ത് മറ്റൊരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇത് മോഷ്ടാക്കൾ മറ്റ് ഏതെങ്കിലും സ്ഥലത്ത് നിന്ന് കൊണ്ടുവന്നതാണെന്നാണ് വിവരം. ചിതറ പോലിസ് ഉടമയെ വിളിച്ചുവരുത്തി ആംബുലൻസ് കൈമാറി. ഉടമയുടെ പരാതിയിൽ നെടുമങ്ങാട് പൊലീസും ചിതറ പൊലീസും അന്വേഷണം ആരംഭിച്ചു.