വിദേശജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി’ ഉടമയും പത്തനംതിട്ട സ്വദേശിയുമായ കാർത്തിക പ്രദീപിന്റെ എംബിബിഎസ് ബിരുദം സംബന്ധിച്ചും പൊലീസ് അന്വേഷണം. യുക്രെയ്നിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയെന്നു പറഞ്ഞായിരുന്നു കാർത്തിക ഇരകളെ സമീപിച്ചിരുന്നത്. എന്നാൽ, ഇവർക്ക് എംബിബിഎസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്. മലയാളിയായ സഹപാഠിയിൽനിന്നു പണം തട്ടിയ കേസിനെ തുടർന്ന് യുക്രെയ്നിലെ പഠനം പൂർത്തിയാക്കാതെ മടങ്ങിയെന്നാണ് വിവരം.
യുകെയിൽ ജോലി വാഗ്ദാനം ചെയ്തു തൃശൂർ കാറളം വെള്ളാനി സ്വദേശിനിയിൽ നിന്ന് 5.23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന കേസിലാണ് കാർത്തികയെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ നൂറിലേറെ പേരെ വഞ്ചിച്ചു കോടികളുടെ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും പ്രതിക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. ഒളിവിൽ പോയ കാർത്തികയെ, മൊബൈൽഫോൺ ലൊക്കേഷൻ കണ്ടെത്തി വെള്ളിയാഴ്ചയാണു കോഴിക്കോട് നിന്നു പിടികൂടിയത്.
പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി കാർത്തിക മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയത്. കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്സ് കാർത്തികയ്ക്കുണ്ട്.