കോഴിക്കോട് കൊടുവള്ളിയില്‍ രേഖകളില്ലാതെ കാറില്‍ കടത്തിയ അഞ്ചുകോടിയിലധികം രൂപ പിടികൂടി. കര്‍ണാടകക്കാരായ രാഘവേന്ദ്രന്‍, നിജിന്‍ അഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സീറ്റിനടിയിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
ലഹരിക്കെതിരായ പരിശോധനയുടെ ഭാഗമായി എളേറ്റില്‍ വട്ടോളിയില്‍ നിര്‍ത്തിയിട്ട കാറില്‍ നടത്തിയ പരിശോധനയിലാണ് വന്‍തുക കണ്ടെത്തിയത്. കാറിന്‍റെ സീറ്റിനടിയിലെ രഹസ്യ അറയില്‍ നോട്ടുകള്‍ കെട്ടുകളാക്കി അടുക്കിയ നിലയിലായിരുന്നു.കാറിലുണ്ടായിരുന്ന രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് പണം എണ്ണി നോക്കിയപ്പോള്‍ നാലുകോടി രൂപ.
കാറില്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് ഒരു കോടി 35 ലക്ഷം രൂപ കൂടി കണ്ടെടുത്തത്. ഇതോടെ കാര്‍ പൂര്‍ണമായും പൊളിച്ച് പൊലീസ് പരിശോധിച്ചു. പല ഭാഗങ്ങളിലായി ആറ് രഹസ്യ അറകളാണ് കാറിലുണ്ടായിരുന്നത്. പണത്തിന്റ ഉറവിടം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നിവ സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷണം തുടങ്ങി.