വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വനിത ഡോക്ടര്‍ അറസ്റ്റില്‍. കൊച്ചിയിലെ റിക്രൂട്ട്മെന്‍റ് ഏജന്‍സി ഉടമയായ കാര്‍ത്തിക പ്രദീപാണ് പിടിയിലായത്. മൂന്ന് മുതല്‍ എട്ട് ലക്ഷംവരെയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയത്. തട്ടിയെടുത്ത പണം കാര്‍ത്തിക ആഢംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചത്.
പുല്ലേപ്പടിക്ക് സമീപം ടേക്ക് ഒാഫ് ഒാവര്‍സീസ് എജുക്കേഷണനല്‍ കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനം നടത്തുന്ന കാര്‍ത്തിക പ്രദീപിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട് നിന്നാണ് അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവര്‍ തൃശൂരിലാണ് താമസിക്കുന്നത്. യുകെ, ഒാസ്ട്രേലിയ, ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടി. യുക്രെയിനില്‍ ഡോക്ടറാണ് എന്ന് പറഞ്ഞായിരുന്നു കാര്‍ത്തികയുടെ തട്ടിപ്പ്.
തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. മൂന്ന് മുതല്‍ എട്ട് ലക്ഷംവരെയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയത്. പണം തിരികെ ചോദിച്ചതോടെ കൊച്ചിയിലെ ഒാഫീസ് പൂട്ടി കഴിഞ്ഞ മാസം കാര്‍ത്തിക മുങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാര്‍ പറയുന്നു. ഇന്നലെ രാത്രി കാര്‍ത്തികയെ കൊച്ചിയില്‍ എത്തിച്ചു.