കണ്ണൂർ കരിവള്ളൂരിൽ വിവാഹദിവസം വീട്ടിൽ മോഷണം. കരിവള്ളൂർ പലിയേരി സ്വദേശി മനോഹരന്റെ വീട്ടിലാണ് മോഷണം. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ വധുവിന്റെ 30 പവന്റെ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. മെയ് ഒന്നിനായിരുന്നു കരിവള്ളൂർ പലിയേരി സ്വദേശി മനോഹരന്റെ മകൻ മകൻ അർജുനും കൊല്ലം സ്വദേശി ആർച്ച എസ്. സുധിയും തമ്മിലുള്ള വിവാഹം.
ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ശേഷം 40 പവൻ സ്വർണം മുകൾ നിലയിലുള്ള കിടപ്പുമുറിയിലെ അലമാരയിലേക്ക് മാറ്റി. ഈ സ്വർണമാണ് നഷ്ടമായത്. ഇന്നലെ രാത്രി സ്വർണം ബന്ധുക്കളെ കാണിക്കാനായി അലമാര തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകി. നാല് ബോക്സുകളിലായി സൂക്ഷിച്ച സ്വർണമാണ് നഷ്ടമായത്. ചെറിയ മോതിരങ്ങൾ ഉൾപ്പടെ 10 പവൻ സ്വർണവും ഡയമണ്ടുകളും അലമാരയിൽ ബാക്കിയുണ്ട്.
പ്രൊഫഷണൽ സംഘമല്ല മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴം, വെള്ളി ദിവസങ്ങളിൽ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി.