മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ഗുരുവായൂരില്‍ തമിഴ് യുവാവിനെ നാട്ടുകാര്‍ കെട്ടിയിട്ടു. തമിഴ്നാട്ടില്‍ ബാഗ് തട്ടിപ്പറിച്ചോടുന്ന മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യത്തിലെ രൂപസാദൃശ്യമാണ് വിനയായത്. നിരപരാധിയാണെന്ന് മനസിലായതോടെ പൊലീസ് വിട്ടയച്ചു.
തിരുനെല്‍വേലി റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍റെ ആറു പവന്‍റെ ആഭരണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഈ മോഷ്ടാവുമായി രൂപസാദൃശ്യമുള്ള ഗുരുവായൂരില്‍ താമസമാക്കിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. പൊലീസ് പങ്കുവച്ച ചിത്രം നോക്കിയായിരുന്നു നാട്ടുകാര്‍ തടഞ്ഞുവച്ചത്. ഗുരുവായൂര്‍ തിരുവെങ്കിടത്തു കുടുംബസമേതം താമസിക്കുന്ന അരവിന്ദനെയാണ് നാട്ടുകാര്‍ കെട്ടിയിട്ടത്. ഗുരുവായൂര്‍ പൊലീസ് വിവരമറിയിച്ച പ്രകാരം തമിഴ്നാട് പൊലീസ് ചോദ്യംചെയ്തു. അപ്പോഴാണ് നിരപരാധിയാണെന്ന് ബോധ്യപ്പെട്ടത്. മോഷ്ടാവാണെന്ന് ചിത്രീകരിച്ച് അടിവസ്ത്രം മാത്രം ധരിച്ച് തെരുവില്‍ ബന്ദിയാക്കിയ ചിത്രം പ്രചരിച്ചതോടെ കുടുംബം മാനസിക വിഷമത്തിലായി. ആത്മഹത്യക്ക് മുതിർന്ന അരവിന്ദനെ ഭാര്യയും മറ്റുള്ളവരും ചേർന്ന് പിന്തിരിപ്പിച്ചു. ഇനിയും മാനസിക വിഷമം നേരിടേണ്ടി വന്നാൽ നാട്ടിലേക്ക് തിരിച്ചു പോകാനാണ് ഇവരുടെ തീരുമാനം.
ആറു വര്‍ഷം മുമ്പാണ് ഗുരുവായൂരില്‍ കാമുകിയുമായി എത്തിയത്. പ്രണയത്തെ വീട്ടുകാര്‍ എത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ എടുത്ത ഫൊട്ടോയും മോഷ്ടാവുമായി സാദൃശ്യമുണ്ടായിരുന്നു. അങ്ങനെയാണ്, തമിഴ്നാട് പൊലീസ് ഗുരുവായൂര്‍ പൊലീസിനെ വിവരമറിയിച്ചതും നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതും.