kannur-mini

കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറുമായ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ രാധാകൃഷ്ണന്‍റെ  ഭാര്യയെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കൊലപാതകത്തിന് പ്രേരണ നല്‍കിയെന്ന കുറ്റംചുമത്തിയാണ് ബിജെപി പ്രവര്‍ത്തക കൂടിയായ മിനി നമ്പ്യാരെ പരിയാരം പൊലീസ്  അറസ്റ്റ് ചെയ്തത്. നാടിനെ നടുക്കിയ കൊലപാതകത്തില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് മിനി.

രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എൻ.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തിന് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മാര്‍ച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിന്നില്‍ നിർമാണത്തിലുള്ള വീട്ടിൽ വച്ച് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. സന്തോഷിന് രാധാകൃഷ്ണന്‍റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ രാധാകൃഷ്ണൻ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണു കൊലപാതകം നടത്താൻ കാരണമെന്നുമാണ് സന്തോഷ് പൊലീസിനോട് പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും റീല്‍സിലൂടെ അറിയപ്പെടുന്ന ആളാണ് മിനി. സിനിമാരംഗങ്ങളും ഭര്‍ത്താവിനോടുള്ള പ്രണയവും എല്ലാം റീല്‍സിലൂടെ അവതരിപ്പിച്ച് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു മിനി. ഇതിനിടെയാണ് സന്തോഷിനെ പരിചയപ്പെടുന്നത്. ഒരു വർഷം മുൻപ് ഫെയ്സ്ബുക്കിൽ വന്ന കുറിപ്പില്‍ സന്തോഷ് കമന്‍റ് ചെയ്തു. ഇത് മിനി ലൈക്ക് ചെയ്തു. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. സന്തോഷ് സഹപാഠിയാണെന്ന് മിനി ഭർത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവു പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ വീട് നിർമിക്കാനുള്ള ചുമതലയും സന്തോഷിനു നൽകി.എന്നാൽ മിനിയുടെയും സന്തോഷിന്‍റെയും ഇടപെടലിൽ സംശയം തോന്നിയ രാധാകൃഷ്ണൻ മിനിയുമായി വാക്കുതർക്കം ഉണ്ടായി. പൊലീസിൽ പരാതിയും നൽകി. തുടർന്ന് മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടിൽ താമസമാക്കി. ഈ വീട്ടിൽ പലപ്പോഴും സന്തോഷ് എത്താറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ENGLISH SUMMARY:

Mini Nambiar, a former BJP worker and wife of the late K.K. Radhakrishnan, who was shot dead recently, has been arrested in connection with the murder. The police have charged her with inciting the murder of her husband. Mini, who gained attention for her presence on Instagram through reels, had formed a friendship with her husband via social media, which later turned tragic. Her arrest marks the third in the shocking murder case, which has sent shockwaves through the community.