തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ കൊന്ന് കാല്‍വെട്ടിയെറിഞ്ഞ കേസില്‍ ഗുണ്ടാസംഘാംഗങ്ങളായ 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട് പട്ടികജാതി വർഗ്ഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഡിസംബര്‍ 11നായിരുന്നു ക്രിമിനല്‍ കേസ് പ്രതിയായ മംഗലപുരം സ്വദേശി സുധീഷിനെ പതിനൊന്ന് പേരടങ്ങുന്ന സംഘം ഗുണ്ടാ പകയുടെ പേരിൽ വെട്ടിക്കൊലപ്പെടുത്തിയത്.
കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പേരാണ് കേസിലെ പ്രതികൾ. പ്രതികൾ ഗുണ്ടകളാണെന്നതിനാൽ തന്നെ ആക്രമണം ഭയന്ന് ദൃസാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാൽ പ്രതികൾ സുധീഷിന്റെ വെട്ടിയെടുത്ത കാൽപ്പത്തിയുമായി പോവുന്നതിന്റെയടക്കം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസിൽ നിർണായകമായത്. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്താൻ ആയി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങി പ്രോസിക്യൂഷൻ ഉന്നയിച്ച എല്ലാ കുറ്റങ്ങളും തെളിഞ്ഞതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനം നടത്തിയ പ്രതികൾ തുടർന്ന് വാഹനങ്ങളില്‍ രക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.