ഏറ്റുമാനൂർ നീറിക്കാട് ഹൈക്കോടതി അഭിഭാഷക പെൺമക്കളുമായി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. നീറിക്കാട് സ്വദേശി ജിമ്മിയും പിതാവ് ജോസഫുമാണ് അറസ്റ്റിലായത്. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ പ്രതികൾക്കെതിരെയുള്ള നിർണായക തെളിവുകൾ കിട്ടിയതോടെയാണ് നടപടി.
ഹൈക്കോടതി അഭിഭാഷകയായ ജിസ് മോളെ ശാരീരികവും മാനസികവുമായി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചിരുന്നെന്നാണ് കുടുംബം ഏറ്റുമാനൂർ പൊലീസിൽ നൽകിയിരുന്ന പരാതി. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും പതിവായി അപമാനിക്കപ്പെട്ടു.. ഏപ്രിൽ 14 തീയതി രാത്രി വീട്ടിൽ ഉണ്ടായ തർക്കങ്ങളും വഴക്കും മാനസിക സമ്മർദ്ദത്തിൽ ആയിരുന്ന ജിസ്മോളുടെ ആത്മഹത്യയ്ക്ക് പ്രേരണയായി. ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്നതോടെയാണ് ശക്തമായ തെളിവുകൾ കിട്ടിയത്. ജിസ് മോളുടെ ഫോണും ജിമ്മിയുടെയും ജോസഫിന്റെയും ഫോണുകളുമാണ് പരിശോധിച്ചത്.
മാനസിക പീഡനങ്ങൾ വെളിവാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. തുടർന്ന് ഏറ്റുമാനൂർ പൊലീസ് ഭർത്താവ് ജിമ്മിയെയും പിതാവിനെയും നോട്ടീസ് നൽകി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും ജിസ്‌മോളുടെ കുടുംബം പരാതി നൽകിയതിനൊപ്പം നാട്ടുകാരും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയിരുന്നു.
അതേസമയം ജിസ്‌മോളുടെ ഭർത്താവ് ജിമ്മിയുടെ അമ്മയ്ക്കും സഹോദരിയ്ക്കും എതിരെ കൂടിയായിരുന്നു കുടുംബത്തിന്റെ പരാതി.. എന്നാൽ ഇവരെ പ്രതിചേർക്കാൻ തക്ക ശക്തമായ തെളിവുകൾ നിലവിൽ കിട്ടിയിട്ടില്ലെന്നാണ് പൊലീസിന്റെ പക്ഷം. ഈ മാസം 15 നായിരുന്നു ഹൈക്കോടതി അഭിഭാഷകയായ ജിസ്‌മോൾ അഞ്ചുവയസ്സുകാരി നേഹയെയും രണ്ടു വയസ്സുകാരി നോറയും കൂട്ടി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.