കണ്ണൂർ പായം സ്വദേശിയായ സ്നേഹയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്നേഹയും ജിനീഷും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. ഭർതൃപീഡനമാണ് യുവതി ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. സ്നേഹയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. ജിനീഷിന്റെയും കുടുംബത്തിന്‍റെയും പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്നാണ് സ്നേഹ എഴുതിവച്ചിരിക്കുന്നത്.
2020 ജനുവരിയിലായിരുന്നു സ്‌നേഹയുടെയും ജിനീഷിന്റെയും വിവാഹം. സ്ത്രീധനത്തിന്‍റെ പേരില്‍ സ്നേഹയെ ജിനീഷ് ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാടി പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി വിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ കുഞ്ഞിന്‍റെ പേരിലും ജിനീഷിന് സംശയങ്ങളുണ്ടായിരുന്നു. കുഞ്ഞ് തന്‍റേതല്ലെന്ന് ജിനീഷ് പറഞ്ഞിട്ടുണ്ട്.
‘ഞാൻ കറുത്തതാണ്, കുഞ്ഞ് വെളുത്തതും. അതുകൊണ്ട് ഈ കുഞ്ഞ് എന്റേതല്ല’ എന്നുപറഞ്ഞ് ജിനീഷ് സ്നേഹയെ ഉപദ്രവിച്ചു. ഈ മാസം പതിനഞ്ചിന് ഇതിനെച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് സ്‌നേഹയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനു മുന്‍പും സ്നേഹയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഇന്നലെ ജിനീഷ് സ്‌നേഹയെ വിളിച്ചു. അതിനുശേഷം സ്നേഹ മുറിയിൽക്കയറി വാതിലടച്ചു. വൈകിട്ട് ആറരയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെ ജിനീഷിനെതിരെ പരാതിയുമായി സ്‌നേഹയുടെ വീട്ടുകാർ രംഗത്തെത്തി.
ലോറി ഡ്രൈവറാണ് ജിനീഷ്. ഇവരുടെ കുഞ്ഞിന് മൂന്ന് വയസ്സാണ് പ്രായം. ജിനീഷിന്‍റെ ഫോണ്‍കോള്‍ വന്നതിനുശേഷം സ്നേഹ പൊട്ടിക്കരയുന്നത് വീട്ടിലുള്ളവർ കണ്ടതായി മൊഴിയുണ്ട്. സംശയരോഗമായിരുന്നു ജിനീഷിനെന്ന് സ്നേഹയുടെ അമ്മാവനും പിന്നീട് പറഞ്ഞു.