ഷീല സണ്ണി, ലിവിയ ജോസ്, നാരായണ ദാസ്
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ കുടുക്കാനുള്ള ലഹരി സ്റ്റാംപ് വാങ്ങിയത് ബെംഗളൂരുവിലെ താമസക്കാരനായ ആഫ്രിക്കക്കാരനിൽ നിന്നാണെന്ന് കേസില് പിടിയിലായ നാരായണ ദാസ്. ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് ഇയാള്. ലഹരി സ്റ്റാംപ് വാങ്ങിയതാകട്ടെ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസാണെന്നും നാരായണദാസ് വെളിപ്പെടുത്തി. ഇറ്റലിയിൽ ജോലിയ്ക്കു പോയി രക്ഷപ്പെടാനുള്ള അമ്മായിയമ്മയുടെ നീക്കം പൊളിക്കലായിരുന്നു മരുമകളുടെ പദ്ധതിയെന്നും പൊലീസ് കണ്ടെത്തി.
കാലടി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് ലിവിയ ജോസ്. ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സിനു പഠിക്കുന്നു. ചേച്ചി ലിജി വിവാഹം കഴിച്ചത് ഷീല സണ്ണിയുടെ മകൻ സംഗീതിനെയാണ്. വിവാഹ സമയത്ത്, സംഗീതും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ലിജിയുടെ 10 ലക്ഷം രൂപയുടെ സ്വർണം കുടുംബത്തിന്റെ കടംവീട്ടാൻ സംഗീത് ഉപയോഗിച്ചു. ഇതുകൂടാതെ, ലിജിയുടെ പത്തു സെന്റ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും, ലിജിയ്ക്കു വീട്ടിൽ അവഗണനയായിരുന്നു.
ഇതിനിടെയാണ്, ഷീല സണ്ണി ഇറ്റലിയിൽ ജോലി തേടി പോകാനൊരുങ്ങിയത്. സ്വർണവും ഭൂമിയും തിരിച്ചുതരുന്ന കാര്യത്തിൽ ഷീല സണ്ണിയും സംഗീതും താൽപര്യം കാട്ടിയില്ല. ഇതേചൊല്ലി, പലപ്പോഴും വഴക്കുണ്ടായി. ഈ വൈരാഗ്യം തീർക്കാൻ ലിജിയുടെ സഹോദരി ലിവിയ കണ്ടെത്തിയ മാർഗമായിരുന്നു ലഹരിക്കേസ്. ലഹരി സ്റ്റാംപ് ആഫ്രിക്കക്കാരനിൽ നിന്ന് വാങ്ങിയത് ലിവിയ തന്നെ. നാരായണദാസിനോട് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കാൻ പറഞ്ഞു. ആഫ്രിക്കക്കാരൻ ലിവിയയെ പറ്റിച്ചെന്ന് ബോധ്യപ്പെട്ടത് സ്റ്റാംപിന്റെ പരിശോധനഫലം കിട്ടിയപ്പോഴാണ്. പതിനായിരം രൂപ വാങ്ങി ആഫ്രിക്കക്കാരൻ നൽകിയത് ലഹരി സ്റ്റാംപിന്റെ പ്രിന്റ് ഔട്ടാണ്. ഇതാണ്, എക്സൈസ് പിടിച്ചത്. വ്യാജ ലഹരി സ്റ്റാംപ് ആണെന്ന് ബോധ്യപ്പെട്ടതാകട്ടെ പിന്നീടും. അപ്പോഴേക്കും 72 ദിവസം ഷീല സണ്ണി ജയിലിൽ കിടന്നിരുന്നു. ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലും സ്റ്റാംപ് വച്ചത് ലിവിയ തന്നെയാണെന്ന് നാരായണദാസ് വെളിപ്പെടുത്തി.
എറണാകുളം തൃപ്പുണിത്തുറ സ്വദേശിയായ നാരായണദാസിനെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. വി.കെ.രാജുവും സംഘവും പിടികൂടിയത് ബെംഗളൂരുവില ഫ്ലാറ്റിൽ നിന്നായിരുന്നു. ഫിറ്റ്നസ് ട്രെയിനറായിരുന്നു നാരായണദാസ്. ലിവിയയെ കേസിൽ പ്രതിയാക്കി. ഇവര് ദുബൈയിൽ ഒളിവിലാണ്. നാട്ടിൽ എത്തിക്കാൻ സി.ബി.ഐ. മുഖേന ഇൻ്റർപോളിൻ്റെ സഹായം തേടും.