ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനബാക്കി ആവശ്യപ്പെട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ വിധി വരാനിരിക്കെ തുഷാരയുടെ ഓര്‍മയില്‍ വിതുമ്പുകയാണ് നാട്ടുകാര്‍. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തുളസീധരന്‍റെ മകളായിരുന്ന തുഷാര (27) കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ 2019 മാര്‍ച്ചിലാണ് കൊല്ലപ്പെട്ടത്.  ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ ന്യുമോണിയ ബാധിച്ചായിരുന്നു തുഷാരയുടെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. 

തുഷാരയെ വിവാഹം കഴിക്കുമ്പോള്‍ കൊല്ലത്തെ തൃക്കരുവയിലാണ് ഭര്‍ത്താവ് ചന്തുവും കുടുംബവും താമസിച്ചിരുന്നത്. ആഭിചാര ക്രിയകള്‍ നടത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് ഇവര്‍ സ്ഥലം വിറ്റ് ചെങ്കുളത്തേക്ക് എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെയും പൂജകള്‍ നടത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുഷാരയെ വീട്ടില്‍ നിന്നും നാട്ടുകാരില്‍ നിന്നും ചന്തുവും വീട്ടുകാരും അകറ്റി നിര്‍ത്തിയിരുന്നുവെന്നും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. 

വിവാഹം കഴിഞ്ഞ ശേഷം ആകെ മൂന്നുവട്ടം മാത്രമാണ് തുഷാരയെ വീട്ടില്‍ വിട്ടിട്ടുള്ളത്. ഇതിനിടെ ചന്തുവിനും തുഷാരയ്ക്കും രണ്ട് കുട്ടികള്‍ ജനിച്ചുവെങ്കിലും മക്കളെ തുഷാരയുടെ വീട്ടുകാരെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയില്‍ എത്തിയിട്ടും കുട്ടിയെ കാണിക്കാന്‍ കൂട്ടാക്കാതിരുന്നതോടെ തുഷാരയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. അങ്ങനെയാണ് കു‍ഞ്ഞിനെ കാണാന്‍ സാധിച്ചതെന്ന് ബന്ധുക്കളും പറയുന്നു. തന്നെ കാണാന്‍ ആരും ഇനി വരരുതെന്നും താന്‍ സന്തോഷത്തിലാണ് കഴിയുന്നതെന്നും തുഷാര വീട്ടിലേക്ക് വിളിച്ച് പറയുകയും ചെയ്തു. പിന്നീട് ആരും തുഷാരയുടെ വീട്ടിലേക്ക് പോയിട്ടില്ലെന്നും കുടുംബം ഓര്‍ത്തെടുക്കുന്നു. 

സ്ത്രീധന ബാക്കിയുടെ പേരിലുള്ള കൊടും പീഡനങ്ങള്‍ക്കൊടുവില്‍ തുഷാര മരിച്ച രാത്രിയിലാണ് ചന്തുലാല്‍ തുഷാരയുടെ വീട്ടില്‍ വിളിച്ച് വിവരം പറയുന്നത്. അന്നുരാത്രി തന്നെ തുഷാരയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. ചന്തുലാലിനും അമ്മ ഗീതയ്ക്കും പുറമെ ചന്തുവിന്‍റെ സഹോദരിയും ഭര്‍ത്താവും തുഷാരയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ ഇന്ന് കോടതി വിധി പ്രഖ്യപിക്കും. 

ENGLISH SUMMARY:

Tushara, a 27-year-old from Karunagappally, was starved to death by her husband and in-laws over dowry demands. Villagers, remembering her tragic story, call for strict punishment as the verdict nears. Post-mortem reports confirm pneumonia caused by malnutrition led to her death.