ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സൗമ്യയും ചോദ്യംചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്സൈസ് സംഘത്തിന് മുന്‍പാകെയാണ് ഇരുവരും ഹാജരായത്. മൂന്നുപേരുമെത്തിയത് അഭിഭാഷകര്‍ക്കൊപ്പമാണ്. തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ഷൈന്‍ ടോം ചാക്കോ ചോദ്യംചെയ്യലിന് എത്തിയത് ബെംഗളൂരുവില്‍ നിന്നാണ്. അവിടെ ലഹരിവിമുക്ത ചികില്‍സയ്ക്ക് വിധേയനാവുകയാണെന്ന് ഷൈന്‍ പറഞ്ഞു.
അഞ്ചുപേരുടെ പേരാണ് പ്രതി തസ്ലീമ പറഞ്ഞതെന്ന് എക്സൈസ് സി.ഐ.മഹേഷ്. അതില്‍ മൂന്നുപേരെയാണ് ഇന്ന് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. മുൻ റിയാലിറ്റി താരമായ ജിന്റോയെ നാളെ ചോദ്യം ചെയ്യും.
ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരെ അറസ്റ്റ് ചെയ്ത കേസിൽ കൂടുതൽ നടന്മാരിലേക്കും സംവിധായകരിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കും. ഫ്ലാറ്റിന്റെ ഉടമ സംവിധായകൻ സമീർ താഹിറിനെ ചോദ്യം ചെയ്യുന്നതിനായി ഉടൻ നോട്ടീസ് നൽകും. സമീറിന്റെ ഫ്ലാറ്റ് നമ്പർ 506 ലഹരിയിടപാടുകാരുടെ സങ്കേതമാണെന്ന നിർണായക വിവരം എക്സൈസിന് ലഭിച്ചു. ഇതേ കെട്ടിടത്തിലെ താമസക്കാരായ നടന്മാരടക്കം ഫ്ലാറ്റിൽ പതിവായി ഒത്തുകൂടിയിരുന്നുവെന്നാണ് വിവരം.
കേസിൽ ജാമ്യം ലഭിച്ച സംവിധായകർ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും വീണ്ടും ചോദ്യം ചെയ്യും. ഇവരെയടക്കം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് നീക്കം. . ഇവർക്കടക്കം ലഹരിമരുന്ന് എത്തിച്ച് നൽകുന്ന സിനിമ മേഖലയിൽ കാരിയേഴ്സിനെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.