‘നിരന്തരം ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍, ഒരുപാട് ആളുകള്‍ ഇവരുടെ ഫ്ലാറ്റില്‍ വരുന്നുണ്ട്, മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു കഞ്ചാവുമായി പിടിക്കപ്പെട്ട ശേഷം ഖാലിദ് റഹ്മാൻ മറുപടി നല്‍കിയത്’ റെയ്ഡ് നടത്തിയ എക്സൈസ് ഓഫീസറിന്‍റെ വാക്കുകളാണിത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിലാവുന്നത്.
ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവും അത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇവരില്‍ നിന്ന് പിടിച്ചു, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷൈൻ ടോം ചാക്കോ വിവാദത്തിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചർച്ചയാകുന്നതിനിടെയാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച് യുവ സംവിധായകരുടെ അറസ്റ്റ്.