തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 52 കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. കുന്നത്തുകാല്‍ സ്വദേശി ശാഖാകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ അതിയന്നൂര്‍ സ്വദേശി 32 കാരനായ അരുണിനെയാണ് തടവും പിഴയും കോടതി ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെ 1.30 നായിരുന്നു കൊലപാതകം.
ലക്ഷങ്ങളുടെ സ്വത്തിന് ഉടമയായ 52 കാരിയെ 28 കാരന് വിവാഹം കഴിക്കുക, വിവാഹം കഴിഞ്ഞ് രണ്ടര മാസംകഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് പിറ്റേന്ന് ഭാര്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുക. അതിര്‍ത്തി ഗ്രാമമായ കുന്നത്തുകാലിനെ നടുക്കിയ കൊലക്കേസിലാണ് ഭര്‍ത്താവ് അരുണിനു ജീവപര്യന്തം കഠിനതടവും പിഴയും നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. വിവാഹം വേണ്ടെന്നുള്ള തീരുമാനത്തില്‍ കഴിഞ്ഞ 52 കാരിയായ ശാഖാകുമാരിയെ പ്രണയം നടിച്ച് ഒപ്പം കൂടി. പിന്നാലെ 52 കാരിയായ ശാഖയെ 28 കാരനായ അരുണ്‍ വിവാഹം കഴിച്ചു. വിവാഹത്തിലും അടിമുടി ദുരൂഹതയായിരുന്നു.വിവാഹത്തിനു മുന്‍പു തന്നെ 50 ലക്ഷം രൂപയും 100 പവന് സ്വര്‍ണവും അരുണ്‍ കൈക്കലാക്കിയിരുന്നു. വിവാഹ ശേഷവും ശാഖാകുമാരിയുടെ വീട്ടിലായിരുന്നു അരുണിന്റെ താമസം. കുഞ്ഞു വേണമെന്ന ശാഖാകുമാരിയുടെ ആവശ്യത്തിലായിരുന്നു അരുണുമായി തര്‍ക്കം തുടങ്ങിയത്. പിന്നീട് ശാഖയെ തെളിവില്ലാതെ കൊലപ്പെടുത്തി കോടികണക്കിനു രൂപ വരുന്ന സ്വത്തിന്റെ അവകാശിയായി തീരുകയായിരുന്നു ലക്ഷ്യം. ഡിസംബര്‍ 26 പുലര്‍ച്ചെ 1.30 ന് വായും മുഖവും അമര്‍ത്തി ശ്വാസം മുട്ടിച്ചശേഷം ശാഖാകുമാരിയെ വലിച്ചിഴച്ച് ഹാളിലെത്തിച്ച് ഷോക്കടിപ്പിക്കുകയായിരുന്നു. ഹാളിലെ ഷോകെയ്സിലെ സോക്കറ്റില്‍ നിന്നു വൈദ്യുതി കൈത്തണ്ടയിലും മൂക്കിലും കടത്തിവിട്ടായിരുന്നു കൊലപാതകം. ക്രിസ്മസ് അലങ്കാരത്തിന് വെച്ച വയറുകളില്‍ നിന്ന് ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞ് ഭര്‍ത്താവ് അരുണ്‍ തന്നെ അയല്‍ക്കാരെ വിളിക്കുകയായിരുന്നു. എന്നാല്‍ മരണത്തിന് മുന്‍പ് മര്‍ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ അരുണിന്റെ കള്ളം പൊളിഞ്ഞു. ഭാര്യയെ കൊന്നതെന്ന വെള്ളറട പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഏറ്റുപറഞ്ഞതോടെയാണ് കൊലയുടെ ചുരുള്‍ അഴിഞ്ഞത്. പ്രോസിക്യൂഷന് ഭാഗം 44 സാക്ഷികളെ വിസ്തരിക്കുകയും 83 രേഖകളും കോടതിയില്‍ ഹാജരാക്കി