തിരുവാതുക്കൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അമിത് ഉറാങ് കൊല നടത്താനായി വീട്ടിലേക്ക് പോകുന്നതിന്റെയും ഡിവിആറുമായി മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മറ്റൊരു വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചത് കൊല്ലപ്പെട്ട വിജയകുമാറിനോടുള്ള കടുത്ത വ്യക്തി വൈരാഗ്യമെന്ന് പൊലീസ് പറഞ്ഞു.
രാത്രി 12:35ന് വിജയകുമാറിന്റെ വീടിന്റെ പിൻവശത്തേക്ക് നടക്കുന്ന പ്രതി അമിത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. മുഖം മറച്ചിട്ടില്ല. പിൻവശത്തുകൂടി വീടിനകത്ത് കയറി കൊലപാതകം നടത്തി സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറുമായി പുറത്തേക്ക് ഇറങ്ങാൻ എടുത്ത സമയം മൂന്ന് മണിക്കൂർ. പുലർച്ചെ 3:48 ന് ഡിവിആറുമായി പുറത്തേക്ക്. ഇത്തവണ മുഖം മറച്ചു പോയ പ്രതി വീടിന് പിന്നിലെ തോട്ടിലേക്ക് ഡിവിആർ വലിച്ചെറിഞ്ഞു.
പ്രതി അമിത് കൊല നടത്താൻ എത്തിയത് ഒറ്റയ്ക്കെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൂടിയാണ് പുറത്തുവന്നത്. തന്റെ കുടുംബവും ജീവിതവും തകർത്തത് വിജയകുമാർ ആണെന്ന ചിന്തയാണ് അമിത്തിനെ അതിക്രൂര കൊലപാതകത്തിലേക്ക് എത്തിച്ചത്.വിജയകുമാറിന്റെ പരാതിയെ തുടർന്ന് ഫോൺ മോഷണ കേസിൽ അകത്തായതോടെ ഗർഭിണിയായ ഭാര്യ പിണങ്ങിപ്പോയി. ജയിലിൽ കഴിഞ്ഞ അഞ്ചര മാസത്തിനിടെ ഭാര്യയുടെ ഗർഭം അലസി പോയി. ഇതൊക്കെ വൈരാഗ്യത്തിന്റെ ആക്കം കൂട്ടി.