മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ പുലർച്ചെ നടുറോഡിൽ യുവതിക്ക് നേരെ യുവാവിന്റെ അതിക്രമം. നടന്നുപോവുകയായിരുന്ന യുവതിയെ കടന്നുപിടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത യുവാവ്, അവരെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പുലർച്ചെ 3.27-ഓടെയാണ് സംഭവം നടന്നത്.

റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ അടുത്തേക്ക് മറ്റൊരു വശത്തുനിന്നും യുവാവ് എത്തുകയായിരുന്നു. ആദ്യം യുവതിയോട് സംസാരിച്ചുനിന്ന ഇയാൾ പെട്ടെന്ന് അവരെ കടന്നുപിടിച്ചു. യുവാവിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി പരമാവധി ശ്രമിച്ചെങ്കിലും ബലമായി പിന്നോട്ട് വലിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഏകദേശം 15 മിനിറ്റോളം ഈ അതിക്രമം നീണ്ടുനിന്നു.

സോഷ്യൽമീഡിയയിൽ വിഡിയോ വൈറലായതോടെ പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമിക്കപ്പെട്ട യുവതിയെയും പ്രതിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവർ തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നോ അതോ വഴിമധ്യേ നടന്ന ആക്രമണമാണോ എന്നത് വ്യക്തമല്ല. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ENGLISH SUMMARY:

A shocking CCTV video from Chhatrapati Sambhajinagar shows a man assaulting and dragging a woman on a deserted road early in the morning.