ഇ സിഗരറ്റ് ശേഖരവുമായി യുവാവിനെ എക്സൈസ് പിടികൂടി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി നവാസാണ് വാളയാറില്‍ പിടിയിലായത്. പിടികൂടിയ സിഗരറ്റിന് അരലക്ഷത്തിലേറെ രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു. ഇ സിഗരറ്റ് ശേഖരവുമായി കെഎസ്ആര്‍ടിസി ബസിലായിരുന്നു നവാസിന്‍റെ യാത്ര. നിയമവിരുദ്ധമായി ബാഗില്‍ കരുതിയിരുന്ന നിരോധിത ഇ സിഗരറ്റ് ഡിസ്പോസിബിള്‍ ‍ഡിവൈസുകള്‍ 21 എണ്ണമാണ് കണ്ടെടുത്തത്. 

വിപണയില്‍ ഇതിന് അരലക്ഷത്തിലേറെ രൂപ മൂല്യമുണ്ടെന്നാണ് വിലിയിരുത്തല്‍. യുവാക്കളായ ഇടപാടുകാര്‍ക്ക് നല്‍കുന്നതിനായി എത്തിച്ച സിഗരറ്റെന്നാണ് നവാസിന്‍റെ മൊഴി. പുതിയ തലമുറ ഇ സിഗരറ്റ് ഉപയോഗത്തില്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. ഒറ്റ നോട്ടത്തിൽ സ്പ്രേയോ , ബോഡി ലോഷനോ എന്നു തോന്നിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ നിർമാണം. 

ഒരു ഇ സിഗരറ്റിൽ നിന്നും 13000 തവണയിലേറെ പുകയൂതാന്‍ കഴിയും. ഈ സാഹചര്യം പ്രയോജനപ്പെടുത്തി യുവാക്കള്‍  ഗ്രൂപ്പ് സ്‌മോക്കിങിന് കൂടുതലായി ഉപയോഗിക്കുന്നു. ഇഷ്ട നിറത്തിലും മണത്തിലും വിപണിയില്‍ ഇ സിഗരറ്റ് ലഭ്യമാണ്. വിപണിസാധ്യത കൂടുന്നതായും എക്സൈസ്. വാളയാര്‍ എക്സൈസ് ചെക്പോസ്റ്റില്‍ പതിവ് പരിശോധനയ്ക്കിടെയാണ് യുവാവ് കുടുങ്ങിയത്. നടപടിക്രമം പൂര്‍ത്തിയാക്കി കൂടുതല്‍ അന്വേഷണത്തിനായി നവാസിനെയും സിഗരറ്റ് ശേഖരവും വാളയാര്‍ പൊലീസിന് കൈമാറിയതായി എക്സൈസ് അറിയിച്ചു.

ENGLISH SUMMARY:

Excise officials caught a man named Navas from Kadampazhipuram, Palakkad, at Walayar checkpost with 21 illegal disposable e-cigarette devices in his possession. The devices, worth over ₹50,000, were intended for distribution among youth. The e-cigarettes, resembling body sprays or lotions, are capable of over 13,000 puffs each and are available in various flavors and colors, increasing their appeal. Navas was traveling on a KSRTC bus when apprehended and has been handed over to the Walayar Police for further investigation.