ഏഴ് വയസ്സുകാരിയെ വയോധികൻ പീഡിപ്പിച്ചതിൽ വനിതാ സ്റ്റേഷൻ എസ് എച്ച് ഒ കേസെടുക്കാൻ വിസമ്മതിച്ചെന്ന് പരാതി. പത്തനംതിട്ട വനിതാ സ്റ്റേഷൻ എസ് ഐ കെ ആർ ഷെമി മോൾക്കെതിരെയാണ് ആരോപണം. സിഡബ്ല്യുസിക്ക് നൽകിയ പരാതിയിൽ പ്രതിയെ കോന്നി പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ട്യൂഷൻ ടീച്ചറുടെ 70 വയസ്സുകാരനായ പിതാവാണ് ഏഴ് വയസുകാരിയെ പീഡിപ്പിച്ചത്. ഈ പരാതിയുമായാണ് പിതാവ് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെആർ ഷെമി മോളെ കാണാൻ എത്തിയത്. കേസ് ആയാൽ കോടതി കയറി ഇറങ്ങേണ്ടി വരുമെന്നും, വൈദ്യ പരിശോധന വേണ്ടി വരുമെന്നും പറഞ്ഞു ഭയപ്പെടുത്തി. പ്രതിയുടെ പരിചയക്കാരനെ വിളിച്ച് വിവരം അറിയിച്ചു. എവിടെപ്പോയാലും കേസ് ഉണ്ടാവില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. തുടർന്ന് സിഡബ്ല്യുസി വഴി പരാതി നൽകിയപ്പോൾ പ്രതി മോഹനനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. പരാതി എസ്പിക്ക് മുന്നിലെത്തി.
ഇങ്ങനെയൊരു പരാതിയെ വന്നിട്ടില്ലെന്നാണ് എസ് ഐ ഷെമി മോൾ പറയുന്നത്. വനിതാ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞ് വീണത് ഷെമിമോളുടെ മാനസിക പീഡനം മൂലം എന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. നിയമത്തിലെ അജ്ഞതയിൽ മുൻ എസ്പി ഇമ്പോസിഷൻ എഴുതിച്ചിട്ടുണ്ട്. ഭർത്താവിനെയും കൂട്ടി പോക്സോ പീഡന ഇരയുടെ മൊഴിയെടുത്തു എന്ന മറ്റൊരു ആരോപണവും ഉണ്ട്. പലവട്ടം ആരോപണം ഉയർന്നിട്ടും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംരക്ഷിക്കുന്നു എന്നാണ് ആക്ഷേപം. പരാതിക്കാരൻ കാര്യങ്ങൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ ധരിപ്പിച്ചിട്ടുണ്ട്.