പ്രതി അമിത് (ഇടത്).

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം നടത്തിയത് മുന്‍ വീട്ടുജോലിക്കാരനായ അസംകാരന്‍. വിരലടയാളത്തില്‍ നിന്നാണ് പ്രതി അമിത് ഉറാങ് തന്നെയെന്ന് ഉറപ്പിച്ചത്. ആറുമാസം മുന്‍പുള്ള ഫോണ്‍ മോഷണക്കേസിലെ വിരലടയാളവും ഇന്നലത്തേതും ഒന്നുതന്നെയാണ്. അമിത്തിന്‍റെ കയ്യില്‍നിന്നും നഷ്ടമായ പ്ലാറ്റ്ഫോം ടിക്കറ്റ് വിജയകുമാറിന്‍റെ വീട്ടില്‍ നിന്നും കിട്ടി. കൊലപാതകം ലക്ഷ്യമിട്ട് കോട്ടയത്തെത്തിയ പ്രതി തിരുവാതുക്കലിന് സമീപത്ത് ലോഡ്ജിലാണ് താമസിച്ചത്. പ്രതിയുടെ സിസി‌ടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നിന്നും ലഭിച്ചു. 

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട വിജയകുമാര്‍. വിജയകുമാറിനെയും ഭാര്യ മീരയെയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന നിലയിലാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന തിരുവാതുക്കലിലെ ആറടി ഉയരമുള്ള മതിലുകളോടുകൂടിയ വലിയ വീടിന് സിസിടിവി കാമറകളും കാവൽനായയുമുണ്ടായിരുന്നു. സംഭവസമയത്ത് കാവല്‍നായ കുരച്ചില്ല. മാത്രമല്ല വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കാണാനുമില്ല. ഇതോടെ മോഷണശ്രമമല്ല കൊലയ്ക്ക് കാരണമെന്ന് പൊലീസിന് വ്യക്തമായി.

ഒരു വർഷം മുൻപ് വിജയകുമാറിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന അസം സ്വദേശി അമിത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്വഭാവദൂഷ്യത്തെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനു മുൻപ് അമിത് വീട്ടിൽ നിന്ന് വിലകൂടിയ ഫോൺ മോഷ്ടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ വീണ്ടും വീട്ടിലെത്തി ബഹളം വെക്കുകയും മതിൽ ചാടിക്കടക്കാൻ ശ്രമിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച വിരലടയാളമാണ് കൊലക്കേസില്‍ നിര്‍ണായകമായത്.

ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോൾ സ്വീകരണമുറിയിൽ വിജയകുമാർ ചോരയിൽ കുളിച്ചു മരിച്ചുകിടക്കുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ടതെന്ന് ജോലിക്കാരി പൊലീസിന് മൊഴി നല്‍കി. തൊട്ടടുത്ത മുറിയിൽ ഭാര്യ മീരയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ENGLISH SUMMARY:

The Thiruvathukkal double murder case was committed by Amit Urang, a former domestic worker from Assam. Fingerprint analysis confirmed his identity. The fingerprints matched those from a phone theft case registered six months ago. A platform ticket found missing from Amit's possession was recovered from the house of the victim, Vijayakumar. The accused had arrived in Kottayam with the intent to commit murder and stayed at a lodge near Thiruvathukkal. CCTV footage of the accused has also been obtained from the lodge.