ഒറ്റപ്പാലം അമ്പലപ്പാറ കണ്ണമംഗലത്തു സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയതു പ്രതി ഷൺമുഖം ഒറ്റയ്ക്കെന്നു സ്ഥിരീകരിച്ചു പൊലീസ്. കഴിഞ്ഞദിവസം സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത നാലുപേരെയും പൊലീസ് വിട്ടയച്ചു. റിമാന്‍ഡിലായ ഷണ്‍മുഖത്തിനെ കൂടുതൽ തെളിവെടുപ്പിനു കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഒറ്റപ്പാലം പൊലീസ് കോടതിയിൽ അടുത്ത ദിവസം അപേക്ഷ നൽകും.

കടമ്പഴിപ്പുറത്തു താമസിക്കുന്ന കോങ്ങാട് സ്വദേശി രാമദാസിനെ  കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം. കൊലപാതകത്തിനു മുൻപു രാമദാസിനും ഷൺമുഖത്തിനും ഒപ്പം മദ്യപിച്ചിരുന്ന 4 പേരെയാണു സംശയത്തിൻ്റെ പേരിൽ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നെങ്കിലും ഇവർക്കു കൊലപാതകത്തിൽ പങ്കില്ലെന്നു വ്യക്തമായതോടെയാണു വിട്ടയച്ചതെന്നു പൊലീസ് അറിയിച്ചു. ഷൺമുഖം രാമദാസിനെ ആക്രമിക്കുന്നതിനു മുൻപേ ഇവർ സംഭവ സ്ഥലത്തു നിന്നു പോയിരുന്നതായാണു കണ്ടെത്തൽ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഷൺമുഖത്തിൻ്റെ കണ്ണമംഗലത്തെ വീട്ടിലായിരുന്നു കൊലപാതകം. 

സുഹൃത്തുക്കളായ രാമദാസും ഷൺമുഖവും  തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി നിലനിന്നിരുന്ന അഭിപ്രായഭിന്നതയാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. രാമദാസ് 2 വർഷം മുൻപു ഷൺമുഖത്തെ കളവുകേസിൽ കുടുക്കിയെന്ന നിലയിൽ വൈരാഗ്യവും ഉണ്ടായിരുന്നു. ഇരുവരും  മറ്റു സുഹൃത്തുക്കൾക്കൊപ്പം കണ്ണമംഗലത്തെ വീട്ടിൽ മദ്യപിച്ച ശേഷമായിരുന്നു കൊലപാതകം. മീൻ കച്ചവടക്കാരനായ ഷൺമുഖം മത്സ്യം വെട്ടുന്ന കത്തി ഉപയോഗിച്ചാണു രാമദാസിനെ ആക്രമിച്ചത്. 

ഇരുകാലുകളിലും ആഴത്തിൽ മുറിവേറ്റ രാമദാസിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുതികാലുകളിലെ എല്ലുകൾ മുറിഞ്ഞ നിലയിലായിരുന്ന രാമദാസൻ രക്തം വാർന്നാണു മരിച്ചത്. തമിഴ്നാട്ടുകാരനായ ഷൺമുഖം വർഷങ്ങളായി കണ്ണമംഗലത്താണു താമസം.

ENGLISH SUMMARY:

Shanmugham, a fish vendor from Konnamangalam, Ottapalam, has been confirmed by police as the sole accused in the brutal murder of his friend Ramdas following a drunken dispute over financial matters. Four others initially taken into custody were released after investigation.