ബെംഗളുരുവിലെ അന്തരിച്ച അധോലോക ഗുണ്ടാ നേതാവ് മുത്തപ്പറായിയുടെ മകന് റിക്കി റായിയെ വെടിവച്ചുകൊല്ലാന്‍ ശ്രമം. ഫാം ഹൗസില്‍ നിന്നും പുറത്തിറങ്ങവേ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ റിക്കിയുടെ മൂക്കിലും കയ്യിലും പരുക്കേറ്റു. ബെംഗളുരുവിനെ കൈവള്ളയില്‍ അമ്മാനമാടിയ അധോലോക നേതാവിന്റെ സ്വത്തു സംബന്ധിച്ച തര്‍ക്കമാണു വെടിവെയ്പ്പിലേക്കെത്തിയതെന്നാണു സൂചന.
പുലര്‍ച്ചെ ഒരുമണിയോടെ ബിഡദിയിലെ ഫാം ഹൗസില്‍ നിന്നും പുറത്തേക്കിറങ്ങവേയാണു വെടിവയ്പ്പുണ്ടായത്. രണ്ടുവെടിയുണ്ടകള്‍ വാഹനത്തില്‍ തറച്ചു. സ്ഥിരമായി സ്വയം ഡ്രൈവ് ചെയ്യുന്ന റിക്കിയെ ലക്ഷ്യമാക്കി ഡ്രൈവിങ് സീറ്റിനു നേരെയാണു വെടിയുണ്ടകളെത്തിയത്. പിറകിലെ സീറ്റിലായിരുന്ന റിക്കി വെടിയൊച്ച കേട്ടയുടനെ സീറ്റിനടയിലേക്കു കുനിഞ്ഞിരുന്നതിനാല്‍ രക്ഷപെട്ടു. മൂക്കിലും കയ്യിലും വെടിയുണ്ടയേറ്റു.
സാരമായി പരുക്കേറ്റ ഇയാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. റിക്കിയുടെ ഡ്രൈവരുടെ പരാതിയില്‍ മുത്തപ്പറായിയുടെ രണ്ടാം ഭാര്യ അനുരാധയടക്കം നാലുപേര്‍ക്കെതിരെ ബിഡദി പൊലീസ് കേസെടുത്തു. മുത്തപ്പറായുടെ സ്വത്തു വീതം വെയ്ക്കുന്നതു സംബന്ധിച്ചു കുടുംബത്തിലുള്ള തര്‍ക്കമാണു വെടിവെയ്പ്പിലേക്കെത്തിയത്. ബെംഗളുരു ഐ.ടി. തലസ്ഥാനമായി വികസിക്കുന്ന 1990കളില്‍ നഗരത്തെ നിയന്ത്രിച്ചിരുന്ന, നിരവധി കൊലപാതക– തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായിരുന്നയാളാണു മുത്തപ്പ റായി.